ചങ്ങനാശേരി: തൃക്കൊടിത്താനം പഞ്ചായത്തുപടിയിൽ അപകടം പതിവാകുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് അപകടങ്ങളാണ് ഇവിടെ നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഉച്ചക്ക് 12.15ന് കുന്നും പുറത്തു നിന്നും എത്തിയ കാർ ഇരുചക്ര വാഹന യാത്രികനെ ഇടിച്ചിട്ടിട്ട് വണ്ടി നിറുത്താതെ പോയി. വഴിയിൽ ചോരയൊലിപ്പിച്ചു കിടന്ന ആളെ ഓടിക്കൂടിയവർ ചേർന്ന് ഓട്ടോയിൽ കയറ്റി ആശുപത്രിയിലെത്തിക്കുന്ന തിരക്കിനിടെ അതേ സ്ഥലത്ത് വീണ്ടും അപകടം നടന്നു. ഒരു കാറ്റും ടൂ വീലർ യാത്രികയും തമ്മിൽ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്ത്രീ വഴിയിൽ തലയടിച്ച് വീണു. അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം വണ്ടി പാളിപ്പോകുന്നതും അപകടം ഉണ്ടാവുന്നതും ഇവിടെ പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് ഓഫീസടക്കമുള്ളവ പാർക്കിംഗ് സൗകര്യമില്ലാതെ റോഡിനോട് ചേർന്നാണ് നിർമ്മിച്ചിരിക്കുന്നതെന്നും പരാതി ഉയരുന്നുണ്ട്. വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങൾക്കു കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.