വൈക്കം : ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ 12 മുതൽ 22 വരെ നടക്കുന്ന 37-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ യജ്ഞവേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണവിഗ്രഹവും, കൊടിക്കൂറയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഗുരുവായൂർ ക്ഷേത്രസന്നിധിയിൽനിന്ന് പ്രയാണമാരംഭിച്ചു. ഇന്നലെ രാവിലെ 7.30ന് തന്ത്റി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്റദീപം തെളിയിച്ചു. ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ എസ്. വി. ശിശിർ ആരതിയുഴഞ്ഞു. സത്രസമിതിയുടെ ആസ്ഥാനമന്ദിരത്തിൽ കെടാവിളക്ക് വച്ച് നിത്യപൂജ ചെയ്തുവരുന്ന ശ്രീകൃഷ്ണവിഗ്രഹം, ഭാഗവത മഹാസത്ര നിർവഹണസമിതി വർക്കിംഗ് ചെയർമാൻ ബി. അനിൽകുമാർ, ജനറൽ കൺവീനർ രാഗേഷ് ടി.നായർ എന്നിവർ ചേർന്ന് ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിൽനിന്നും ഏറ്റുവാങ്ങി. യജ്ഞമണ്ഡപത്തിൽ ഉയർത്തുന്നതിനുള്ള സപ്തവർണ്ണകൊടിക്കൂറ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസിൽ നിന്ന് ഗുരുവായൂർ ദേവസ്വം മുൻ ഭരണസമിതിയംഗവും ഭാഗവത മഹാസത്രത്തിന്റെ ചീഫ് കോ-ഓർഡിനേറ്ററുമായ പി.വി.ബിനേഷ് ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗം കെ.കെ. രാമചന്ദ്രൻ അടക്കം ഒട്ടേറെപ്പേർ കൃഷ്ണവിഗ്രഹത്തിന് മാലചാർത്തി. സത്രസമിതി ഭാരവാഹികളായ ഗുരുവായൂർ മണിസ്വാമി, വി.അച്യുതക്കുറുപ്പ്, ടി. നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ജി.സോമകുമാർ, പി.പി.രതീശൻ, കെ.പി. ജിനീഷ്‌കുമാർ, ടി. ആർ. രമേശൻ, വി.ആർ. ഷൈലൻ, മധു പുത്തൻതറ, കിഷോർകുമാർ എന്നിവരുടെ നേതൃത്വത്തിൽ 15 ദിവസത്തെ രഥഘോഷയാത്ര ഡിസംബർ 12 ന് വൈകിട്ട് സത്രവേദിയിലെത്തും. ഗുരുവായൂരിലെ പാർത്ഥസാരഥി, മമ്മിയൂർ, പെരുന്തട്ട തുടങ്ങിയ ക്ഷേത്രങ്ങളിലും വിഗ്രഹ രഥഘോഷയാത്രയ്ക്ക് സ്വീകരണം നല്കി.