കോട്ടയം: കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ (കെ.ഇ.ഒ.എഫ്) 13 ാം സംസ്ഥാനസമ്മേളനം ഇന്ന് തൃശൂർ തിരുവമ്പാടി ദേവസ്വം കൗസ്തുഭം ഹാളിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് രാവിലെ 9ന് ഗണപതിഹോമവും 9.30ന് ഗജപൂജയും നടക്കും. 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കെ.ഇ.ഒ.എഫ് സംസ്ഥാന പ്രസിഡന്റ് കെ.ബി.ഗണേഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലെ ഏറ്റവും മുതിർന്ന ആനചികിത്സകർക്കുള്ള ഐരാവതഭിഷഗ്വരശ്രേഷ്ഠ പുരസ്കാരം ഡോ.കെ.സി. പണിക്കർക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രനും, മാതംഗജീവിതവര്യ പുരസ്കാരംം ആവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിന് മന്ത്രി വി.എസ്. സുനിൽകുമാറും സമ്മാനിക്കും. കോട്ടയം ജില്ലയിലെ മുതിർന്ന ആന ഉടമകൾ എന്ന നിലയിൽ എം. മധു, പ്രൊഫ. ബാബു നമ്പൂതിരി എന്നിവരെയും ആദരിക്കും.
ഉച്ചക്ക് 2.30ന് നടക്കുന്ന വാർഷിക സമ്മേളനം കെ.ബി.ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.ഇ.ഒ.എഫ് സംസ്ഥാനവൈസ് പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പി.ശശികുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.