കോട്ടയം: വൈകുന്നേരം ചായക്കൊപ്പം ചെറുകടിയായി ചൂടുവട കഴിക്കുന്ന ശീലമുള്ളവർ ഇനി അതെല്ലാം മറന്നേക്കു...! ഉഴുന്നും പരിപ്പും സവാളയും സെഞ്ച്വറിയടിച്ച് മുന്നേറുമ്പോൾ വടയോട് വിട പറയുകയല്ലാതെ വേറെ വഴിയില്ലെന്നാണ് ചായക്കടക്കാരുടെ മുന്നറിയിപ്പ്.

സംഗതി സത്യമാണ്, വടയുണ്ടാക്കാൻ ആവശ്യമായ അനുസാരികൾക്കെല്ലാം തീ പിടിച്ച വിലയാണ്. വടയുടെ കാര്യത്തിൽ മാത്രമല്ല, ഇഷ്ടവിഭവങ്ങളിൽ പലതിന്റെയും ചേരുവകൾ അടിമുടി പരിഷ്കരിക്കാൻ നിർബന്ധിതരായിരിക്കുകയാണ് കേരളത്തിലെ ഭക്ഷണവിൽപ്പനക്കാർ.

അന്താരാഷ്ട്ര ക്രൂഡോയിൽ മാർക്കറ്റിനനുസരിച്ച് രാജ്യത്തെ ഇന്ധനവില നിശ്ചയിക്കുന്നതുപോലെ നിത്യോപയോഗ സാധനങ്ങളുടെ വില ആശ്രയിച്ച് ദൈനംദിനം ഭക്ഷണ വിലയും ക്രമീകരിച്ചില്ലെങ്കിൽ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിലാകുമെന്നാണ് അവർ പറയുന്നത്.

പരിപ്പുവട

മലയാളക്കരയുടെ രാഷ്ട്രീയ, സാഹിത്യ ചരിത്രത്തിൽപ്പോലും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുള്ള പരിപ്പുവട ഏതാണ്ട് പൂർണമായും വിസ്മൃതിയിലായിക്കഴിഞ്ഞു. പണ്ട് പരിപ്പുവട കൊറിച്ച് കട്ടൻചായയും കുടിച്ച് കെട്ടിപ്പടുത്ത പ്രസ്ഥാനങ്ങളുടെ ഇന്നത്തെ ചർച്ചാവേദികളിൽപ്പോലും കശുവണ്ടിയും ബ്രൂകോഫിയും ഇടംപിടിച്ചുകഴിഞ്ഞു.

ഉഴുന്നുവട

ഇന്നത്തെ സാഹചര്യത്തിൽ സത്യസന്ധമായി ഉഴുന്നുവടയുണ്ടാക്കി 10 രൂപയ്ക്ക് വിറ്രാലും മുതലാകില്ലെന്നാണ് ഹോട്ടലുകാരുടെ പക്ഷം. ആകൃതിയിലും അളവിലും ഏതാണ്ട് സമാനതകളുള്ള വടയുണ്ടാക്കാം. അതിനെ ഉഴുന്നുവടയെന്ന് വിളിക്കരുതെന്നേയുള്ളു. മൈദവട എന്ന് വിളിച്ചാലും പരാതിയില്ല.

ഉള്ളിവട

പേര് ഉള്ളിക്കാണെങ്കിലും പണിയെടുക്കുന്നത് സവാളയാണ്. അതുകൊണ്ട് ചില സ്ഥലങ്ങളിൽ സവാള വടയെന്നും വിളിപ്പേരുണ്ട്. എന്തായാലും അടുത്തകാലത്തൊന്നും ഒരു തിരിച്ചുവരവിന് സാദ്ധ്യതയില്ലാത്തവിധം വടലോകത്തുനിന്ന് അകലെയാണ് ഈ സാധനം.

ഓംലറ്റ്

ഉള്ളിവില വർദ്ധനവിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ടിവന്ന മറ്റൊരു വിഭവം ഓംലറ്റാണ്. സവാളയും പച്ചമുളകും ചേർത്തുണ്ടാക്കിയ ഓംലറ്റുകൾ സമീപകാലത്ത് വെറും ഓർമ്മയായി. പരാതിപറയുന്നവർക്ക് കാബേജ് ചേർത്തുള്ള ഒപ്പിക്കൽ ഓംലറ്റാണ് കടക്കാർ നൽകുന്നത്.

അലങ്കാരമില്ലാതെ
വറുത്തമീനിനും, പൊരിച്ച ചിക്കനുമൊക്കെ അലങ്കാരമായി നൽകിയിരുന്ന സവാളക്കഷ്ണങ്ങളും ഹോട്ടലുകാർ മുന്നറിയിപ്പില്ലാതെ പിൻവലിച്ചു. ചിക്കനൊപ്പം സലാഡ് ചോദിച്ചാൽ ഒരു കോഴിക്കാലുകൂടി വേണമെങ്കിൽ ഫ്രീയായിത്തരാം എന്നാലും സവാള ചോദിക്കരുതേയെന്നാണ് കടക്കാരുടെ അഭ്യർത്ഥന.

വടക്കൂട്ടുകളുടെ വില കിലോയ്ക്ക്

വെളിച്ചെണ്ണ ₹ 230

ഉഴുന്ന് ₹ 150

പരിപ്പ് ₹ 90

സവാള ₹ 110

'നൂറുരൂപയ്ക്ക് മുകളിൽ വിലയുള്ള സവാളയും പരിപ്പും ഉഴുന്നും വാങ്ങി വടയുണ്ടാക്കി വിൽക്കാനാവില്ല. അതിനൊപ്പം എണ്ണ വിലയും കുതിച്ചുകയറി. രണ്ടാഴ്ചക്കിടെ വെളിച്ചെണ്ണയ്ക്ക് 30 രൂപയും പാംഓയിലിന് 22 രൂപയും കൂടി. ഇനി ശബരിമല സീസൺ കഴിയുന്നതുവരെ വില കൂടുകയല്ലാതെ കുറയാൻ ഇടയില്ല. സാധനങ്ങളുടെ വില കൂടുന്നതിനനുസരിച്ച് ഭക്ഷണവില മാറ്റാനും സാധിക്കില്ല. അതുകൊണ്ട് ഹോട്ടൽ വ്യവസായം തന്നെ പ്രതിസന്ധിയിലാണ്.'

- പി.കെ. മധു. ചുങ്കത്ത് റസ്റ്റോറന്റ് , ചന്തക്കടവ്, കോട്ടയം.