കോട്ടയം: കുട്ടികളുടെ സുരക്ഷയ്‌ക്കായി കുഞ്ഞേ നിന്നക്കായി വീഡിയോ പ്രദർശനവുമായി പൊലീസ്. ജില്ലാ പൊലീസിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ ബോധവത്കരണം എന്ന ലക്ഷ്യത്തോടെ വീഡിയോ പ്രദർശനം നടത്തിയത്.

സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുന്നതിനായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്റയുടെ നിർദേശ പ്രകാരമാണ് വീഡിയോ നിർമ്മിച്ചത്. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ബോധവത്കരണം എന്ന ലക്ഷ്യത്തോടെ ചാക്യാർക്കൂത്ത് മാതൃകയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അറിഞ്ഞാൽ ഓരോരുത്തരും ചെയ്യേണ്ടത് എന്ന് കൃത്യമായി പഠിപ്പിക്കുന്നതായിരുന്നു ബോധവത്കരണ സന്ദേശം.

നേരത്തെ കുട്ടികൾക്കിടയിലാണ് പൊലീസ് ഇത്തരം ബോധവത്കരണം നടത്തിയിരുന്നത്. എന്നാൽ, കുട്ടികളെ മാത്രമല്ല മുതിന്നവരെക്കൂടി ബോധവത്കരണത്തിന്റെ ഭാഗമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്നു ദിവസങ്ങളിലായി ജില്ലയിൽ പ്രചാരണം നടത്തുന്ന വാഹനങ്ങളിലൂടെ ജില്ലയിലെ 32 പൊലീസ് സ്റ്റേഷൻ പരിധിയിലും ബോധവത്കരണ സന്ദേശം പ്രചരിപ്പിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. ഇന്നലെ തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ ജില്ലാ പൊലീസ് മേധാവി പി.എസ് സാബു ബോധവത്കരണ വീഡിയോ പ്രദർശനം ഉദ്ഘാടനം ചെയ്‌തു. ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ എം.ജെ അരുൺ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനു മുന്നിൽ നടന്ന പരിപാടിയിൽ ചലച്ചിത്രതാരം മീനാക്ഷി മുഖ്യാതിഥിയായി പങ്കെടുത്തു. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ എ.ജെ തോമസ്, എസ്.ഐ അനൂപ് സി.നായർ എന്നിവർ പങ്കെടുത്തു.