പാലാ : കുട്ടികൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ച് പൊതുജനത്തെ ബോധവത്ക്കരിക്കുന്നതിനായി പാലാ പൊലീസ് സംഘടിപ്പിച്ചിരിക്കുന്ന 'കുഞ്ഞേ നിനക്കായി ' പദ്ധതിയ്ക്ക് തുടക്കമായി. നഗരസഭ ആക്ടിംഗ് ചെയർമാൻ കുര്യാക്കോസ് പടവൻ ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാലാ ജനറൽ ആശുപത്രി സൂപ്രണ്ട് അഞ്ജു.സി.മാത്യു മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ബേബി ഉഴുത്തുവാൽ, ബാബു.കെ.ജോർജ്, ബെന്നി മൈലാടൂർ, പ്രൊഫ.സതീഷ് ചൊള്ളാനി, ജി.രഞ്ജിത്ത്, ജോസുകുട്ടി പൂവേലിൽ, പാലാ എസ്.എച്ച്.ഒ. വി.എ.സുരേഷ് ,പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജേഷ് പി.എസ്, ട്രാഫിക് എസ്.ഐ ഷാജി സെബാസ്റ്റ്യൻ, പാലാ ജനമൈത്രി സി.ആർ.ഒ ബിനോയ് തോമസ് എന്നിവർ പ്രസംഗിച്ചു. ടൗൺ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടിക്ക് മുന്നോടിയായി ളാലം ജംഗ്ഷനിൽ നിന്നാരംഭിച്ച റാലിക്ക് വിദ്യർത്ഥികൾ, എൻ.സി.സി, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ, ഡ്രൈവർമാർ, അദ്ധ്യാപകർ എന്നിവർ നേതൃത്വം നല്കി. ഡോക്യുമെന്ററി പ്രദർശനവും നടന്നു.