കോട്ടയം : ശോചനീയാവസ്ഥയിലായിരുന്ന തലനാട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നവീകരണത്തിന് സംസ്ഥാന സർക്കാർ 18 ലക്ഷം രൂപ അനുവദിച്ചു. വില്ലേജ് ഓഫീസ് അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി റവന്യുവകുപ്പാണ് തുക അനുവദിച്ചത്. നിർമ്മിതി കേന്ദ്രത്തിനും പൊതുമരാമത്തു വകുപ്പിനുമാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല. മൂന്നു മുറികൾ മാത്രമാണ് നിലവിലെ കെട്ടിടത്തിലുള്ളത്. സേവനങ്ങൾക്കായി എത്തുന്നവർക്ക് ഓഫീസിൽ ഇരിക്കാനുള്ള സൗകര്യം പരിമിതമായിരുന്നു. തലനാട് ഗ്രാമപഞ്ചായത്തും തീക്കോയി പഞ്ചായത്തിലെ രണ്ട് വാർഡുകളും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ആളുകളാണ് വില്ലേജ് ഓഫീസ് പരിധിയിൽ വരുന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കെട്ടിടത്തിന്റെ ചോർച്ച പരിഹരിക്കുന്നതിനൊപ്പം അധിക മുറി നിർമ്മാണം, വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക റാമ്പ് സൗകര്യം, പൊതുജനങ്ങൾക്കായി ഇരിപ്പിടം, ഫ്രണ്ട് ഓഫീസ് സംവിധാനം, ടോയ്‌ലറ്റ്, ചുറ്റുമതിൽ തുടങ്ങിയവ നിർമ്മിക്കും.