കോട്ടയം: വാകത്താനം പഞ്ചായത്തിൽ ഇടതു മുന്നണി ഭരണസമിതിയ്‌ക്കെതിരായി യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇതോടെ സി.പി.എം അംഗം പി.ബി പ്രകാശ് ചന്ദ്രൻ പ്രസിഡന്റായി തുടരും. നാലു വർഷമായി സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ ഇടതു മുന്നണിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. 20 അംഗങ്ങളുള്ള പഞ്ചായത്തിൽ സി.പി.എമ്മിനും യു.ഡി.എഫിനും ഒൻപത് വീതം പേരാണുള്ളത്. ബി.ജെ.പിയ്‌ക്ക് ഒന്നും. ആദ്യ മൂന്ന് വർഷം പഞ്ചായത്ത് പ്രസിഡന്റായിരുന്ന സ്വതന്ത്ര അംഗം ബേബിമോൾ എം വർക്കിയുടെ പിന്തുണയോടെയാണ് ഇടതുമുന്നണി പഞ്ചായത്ത് ഭരിച്ചത്. രണ്ടു വർഷം സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം നൽകാമെന്ന ധാരണയിൽ പ്രകാശ് ചന്ദ്രൻ പ്രസിഡന്റായി.

 അവിശ്വാസത്തെ അതിജീവിച്ച് സി.പി.എം.

ഭരണസമിതിക്കെതിരെ യു.ഡി.എഫ് അംഗങ്ങൾ ഒപ്പിട്ട് നൽകിയ അവിശ്വാസ നോട്ടീസ് പാസാകണമെങ്കിൽ 11 വോട്ടാണ് വേണ്ടിയിരുന്നത്. അവിശ്വാസം ചർച്ചയ്ക്ക് എടുത്തപ്പോൾ ഹാജരായത് ആറ് യു.ഡി.എഫ് അംഗങ്ങൾ മാത്രം. യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് അനിൽ ജേക്കബ്, മുൻ പ്രസിഡന്റ് മറിയാമ്മ തോമസിന്റെ ഭർത്താവും പഞ്ചായത്ത് മെമ്പറുമായ തോമസ് കുര്യൻ, വനിതാ നേതാവ് ലിസിയമ്മ ജോസഫ് എന്നിവരാണ് പങ്കെടുക്കാതിരുന്നത്.