കോട്ടയം : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പി.ജെ ജോസഫ് സമര്‍പ്പിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റിൽ പകുതിയിലേറെ വ്യാജന്മാരെന്ന് ജോസ് കെ.മാണി എം.പി ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വ്യാജരേഖ ചമച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള അതിഹീനമായ നീക്കമാണ് ജോസഫ് നടത്തുന്നത്.
ഇതിന് ജോസഫ് മറുപടി പറയേണ്ടിവരും. തിരുവനന്തപുരം ജില്ലയിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാതിരുന്നത് മൂലം മുൻ ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ , നിലവിലെ ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ എന്നീ രണ്ട് പേരെ മാത്രമാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയിരുന്നത്. ജോസഫ് നൽകിയ ലിസ്റ്റിൽ ഇവരെക്കൂടാതെ 14 പേരെ കൃത്രിമമായി ഉൾപ്പെടുത്തി. എല്ലാ ജില്ലകളിൽ നിന്നും ഇതേപോലെയുള്ള വ്യാജ ലിസ്റ്റുകളാണ് നൽകിയതെന്നും ജോസ് കെ മണി ആരോപിച്ചു.