കോട്ടയം: റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ ശശിധരന്റെ കൊലപാതകക്കേസിൽ ഗാന്ധിനഗർ പൊലീസിന്റെ ഒളിച്ചുകളിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ഗാന്ധിനഗർ ശാഖ മാനേജിംഗ് കമ്മിറ്റി. ശാഖ മാനേജിംഗ് കമ്മിറ്റി അംഗം കൂടിയായിരുന്ന ശശിധരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ചേർന്ന യോഗമാണ് കേസ് അന്വേഷണത്തിലെ അതൃപ്തി വെളിപ്പെടുത്തിയത്. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും തെളിവുകൾ സഹിതം യഥാർത്ഥപ്രതിയെ പിടികൂടിയിട്ടില്ല. സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത അയൽവാസിയെ ആദ്യം തെളിവില്ലെന്ന് പറഞ്ഞ് വിട്ടയച്ചതും പിന്നീട് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി എന്നുപറഞ്ഞ് അറസ്റ്റ് ചെയ്തതും നാടകീയമാണ്. തെളിവ് ഇല്ലെന്ന കാരണത്താൽ കേസ് തേച്ചുമായ്ച്ചുകളയാനുള്ള പൊലീസിന്റെ ശ്രമം അന്ത്യന്തം പ്രതിഷേധാർഹമാണ്. രാഷ്ട്രീയ സമ്മർദ്ദംമൂലമൊ മറ്റെന്തെങ്കിലും കാരണത്താലൊ കേസ് അട്ടിമറിക്കരുത്. പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് യഥാർത്ഥപ്രതിയെ തെളിവുകൾ സഹിതം പിടികൂടാൻ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടാവണം. ഭയാനകമായ അന്തരീക്ഷത്തിൽ നിന്ന് നാടിനെ രക്ഷിച്ച് സ്വൈര്യജീവിതത്തിനുള്ള സാഹചര്യം സൃഷ്ടിക്കണം. സംഭവത്തിന്റെ സത്യം പുറത്തുകൊണ്ടുവരുന്നതിന് പൊലീസിന് ആവശ്യമായ എന്ത് സഹായവും സമുദായത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു. ശാഖ ആഡിറ്റോറിയത്തിൽ ചേർന്ന അനുശോചനയോഗത്തിൽ പ്രസിഡന്റ് എം.കെ. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. സുരേഷ് കുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു. ശാഖ, പോഷക സംഘടനാഭാരവാഹികൾ അനുശോചിച്ചു.