കോട്ടയം: പുരോഗമന കലാസാഹിത്യസംഘം ജില്ലസമ്മേളനം ഇന്നും നാളെയും കോട്ടയത്ത് നടക്കും. ഇന്ന് വൈകിട്ട് 4ന് കോട്ടയം നഗരത്തിൽ നടക്കുന്ന സാംസ്കാരികസംഗമം , വിളംബരജാഥ എന്നിവയോടെ രണ്ടുദിവസത്തെ പരിപാടികൾക്ക് തുടക്കമാകും. എം.ജി.സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ.പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്യും. ഡോ.എം.ജി. ബാബുജി അദ്ധ്യക്ഷത വഹിക്കും. സാഹിത്യ നിരൂപകൻ ഇ.പി. രാജഗോപാലൻ 'സംസ്കാരം സാഹിത്യം സർഗാത്മകത' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. അഡ്വ. കെ. അനിൽകുമാർ, കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട്, കെ.ആർ.ചന്ദ്രമോഹൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. തുടർന്ന് നാടൻപാട്ട്, ഒറ്റയാൾ നാടകം എന്നിവ അരങ്ങേറും. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം കേരള സംഗീതനാടക അക്കാഡമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് ജെയിംസ് മണിമല അദ്ധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയർമാൻ വി.എൻ.വാസവൻ, പു.ക.സ സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ, ഏഴാച്ചേരി രാമചന്ദ്രൻ, സുജ സൂസൻ ജോർജ്, പ്രോഫ.എം.എം. നാരായണൻ, പി.സീതമ്മാൾ തുടങ്ങിയവർ പ്രസംഗിക്കും.