പാലാ: ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേരിടാനുള്ള പാലാ നഗരസഭയുടെ തീരുമാനത്തെ മാണി സി.കാപ്പനെ മുന്നിൽ നിർത്തി വെട്ടിനിരത്തിയത് നഗരസഭാ ആക്ടിംഗ് ചെയർമാൻ കുര്യാക്കോസ് പടവനാണെന്ന് ജോസ് ഗ്രൂപ്പ് കൗൺസിലർമാർ. വിഷയം ചർച്ച ചെയ്യാൻ അടിയന്തിര കൗൺസിൽ യോഗം വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷത്തെ 11 കൗൺസിലർമാർ നോട്ടീസ് നൽകിയിരിക്കുകയാണ്. പടവനോടൊപ്പം നിലയുറപ്പിച്ചിരുന്ന അടുത്ത ചെയർപേഴ്സൺ സ്ഥാനാർത്ഥിയായ മേരി ഡൊമിനിക്കും ഇക്കൂട്ടത്തിലുണ്ടെന്നത് ശ്രദ്ധേയമാണ്.

പാലാ നഗരത്തിന്റെ ഭരണം ഇപ്പോൾ പി.ജെ.ജോസഫ് ഗ്രൂപ്പിന്റെ കൈയ്യിലാണ്. അടുത്ത കാലത്താണ് കുര്യാക്കോസ് പടവൻ ജോസഫ് ഗ്രൂപ്പിലേക്ക് പോയത്. ജനറൽ ആശുപത്രിക്ക് പേരിടുന്ന വിഷയം ആശുപത്രി വികസന സമിതി യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയത് മന:പ്പൂർവ്വമാണെന്നാണ് ജോസ് ഗ്രൂപ്പ് കൗൺസിലർമാരുടെ ആരോപണം. ഈ വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ അധ്യക്ഷൻ എന്ന നിലയ്ക്ക് പടവന് മാറ്റിവയ്ക്കാമായിരുന്നു. എന്നാൽ അത് ചെയ്തില്ല എന്നുമാത്രമല്ല, യോഗത്തിൽ യു.ഡി.എഫ്. പ്രതിനിധികളുടെ എണ്ണം കുറവാണെന്നു മനസ്സിലാക്കി, മാണി സി കാപ്പനെക്കൊണ്ട് ഈ വിഷയത്തിൽ വോട്ടെടുപ്പ് വേണമെന്ന് പറയിപ്പിച്ചതും പടവന്റെ അതിബുദ്ധിയാണെന്നും അവർ കുറ്റപ്പെടുത്തുന്നു.

'' ഡിസംബർ 9-ന് മുമ്പ് അടിയന്തിര കൗൺസിൽ യോഗം വിളിച്ചു കൂട്ടി ഈ വിഷയം ചർച്ച ചെയ്യണമെന്നാണ് ഞങ്ങളടെ ആവശ്യം. ഇല്ലെങ്കിൽ ആക്ടിംഗ് ചെയർമാൻ കുര്യാക്കോസ് പടവനെ ഓഫീസിലും പൊതുവേദിയിലും ഞങ്ങൾ ഉപരോധിക്കും. ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേരിടണമെന്ന നഗരസഭ, ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ഒരേസ്വരത്തിലുള്ള ആവശ്യത്തെ പുച്ഛിച്ചു തള്ളിയ പടവനെ, കൗൺസിൽ യോഗത്തിലും ചോദ്യം ചെയ്യുമെന്ന് മുൻ ചെയർപേഴ്സൺമാരായ അഡ്വ. ബെറ്റി ഷാജു, ലീനാ സണ്ണി, ബിജി ജോജോ, കൗൺസിലർ ബിജു പാലൂപ്പടവിൽ എന്നിവർ പറഞ്ഞു.