helmet

കോട്ടയം: ഇരുചക്ര വാഹനത്തിലെ പിൻ സീറ്റുകാർക്കും നാളെ മുതൽ ഹെൽമെറ്റ് നിർബന്ധമാണ്. ഇതോടെ എന്തുകിട്ടിയാലും തലയിൽ കമഴ്‌ത്തുമെന്ന സ്ഥിതിയാണ്. ഗുണത്തിലോ തരത്തിലോ യാതൊരുനോട്ടവുമില്ലാതെ വിലക്കുറവ് മാത്രം മനസ്സിൽകണ്ട് റോഡിൽ കിടക്കുന്നതിനെ എടുത്ത് തലയിൽ കയറ്റുന്ന പ്രവണത ഗുണത്തെക്കാൾ ദോഷമേ ചെയ്യൂ.എെ.എസ്. എെ മുദ്രയാണ് ഗുണനിലവാരത്തിന്റെ തെളിവായി പൊതുവെ കണക്കാക്കിവരുന്നത്. എന്നാൽ വ്യാജ മുദ്ര പതിച്ച ഹെൽമെറ്റ് വഴിയോരങ്ങളിൽ ഇപ്പോൾ സുലഭമാണ്. ആയിരം രൂപ വിലയുള്ള ഹെൽമെറ്റിന് പകുതിയിൽ താഴെ വിലയ്ക്ക് വഴിയോര കച്ചവടക്കാരിൽ നിന്ന് കിട്ടും. അതുകൊണ്ടുതന്നെ ഒരു വീട്ടിലേയ്ക്ക് ആവശ്യമുള്ള ഹെൽമെറ്റുകളുമായിട്ടാണ് ആളുകൾ മടങ്ങുന്നത്. ഹെൽമെറ്റിന് ഐ.എസ്.ഐ മുദ്ര ഉണ്ടോയെന്ന് നോക്കിയാണ് വാങ്ങുന്നതെങ്കിലും മുദ്ര വ്യാജമാണെന്ന വിവരം യാത്രികർ അറിയുന്നില്ല. ഇന്നലെ ഒറ്റ ദിവസംകൊണ്ട് നാഗമ്പടത്തെ വഴിയോര കച്ചവടക്കാരൻ വിറ്റത് 200ലധികം ഹെൽമെറ്റുകളാണ്. എന്നാൽ നിലവാരമില്ലാത്ത ഹെൽമെറ്റുകൾ വിൽക്കുന്നവർക്കെതിരെ റോ‌ഡ് ട്രാൻസ്പോർട്ട് വകുപ്പോ പൊലീസോ നടപടി എടുക്കുന്നില്ല.

സുക്ഷിച്ച് നോക്ക് മുദ്രകാണും !

തലയ്ക്ക് സുരക്ഷ ഉറപ്പാക്കുന്ന ഹെൽമെറ്റ് വേണമെന്ന് ബൈക്ക് യാത്രക്കാർക്ക് യാതൊരു നിർബന്ധവുമില്ല. പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു 'തൊപ്പി' എന്നതുമാത്രമാണ് വാങ്ങുന്നവരുടെ ലക്ഷ്യം. റോ‌ഡ് വക്കിലെ കച്ചവടക്കാരിൽ നിന്ന് വാങ്ങുന്നതിനാൽ വിലപേശി വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഇതോടെയാണ് ആവശ്യക്കാർ വഴിയോരകച്ചവടക്കാരെ സമീപിക്കുന്നത്. കോട്ടയം നഗരത്തിൽ പലയിടങ്ങളിലും ഹെൽമെറ്റുകൾ കൂട്ടിയിട്ടാണ് കച്ചവടം നടത്തുന്നത്. ഐ.എസ്.ഐ മാർക്കും ഗുണനിലവാരവുമുള്ള ഹെൽമെറ്റുകൾക്ക് 1000 രൂപയോളം വിലവരുമ്പോൾ വഴിയോരത്തുള്ളതിന് 500 രൂപയിൽ താഴയേവരൂ.

ഐ.എസ്.ഐ മുദ്രയുള്ള ഹെൽമെറ്റുകൾ മാത്രമേ വിൽക്കാവൂ എന്നാണ് നിയമം. ഗുണനിലവാരമുള്ള ഒറിജിനൽ ഹെൽമെറ്റുകളും വഴിയോരങ്ങളിൽ നിന്ന് ലഭിക്കും. ഇത് മോഷണ ഹെൽമെറ്റുകളാണെന്നാണ് ലഭിക്കുന്ന വിവരം.പിൻ സീറ്റുകാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിക്കൊണ്ട് കോടതി ഉത്തരവ് പുറത്തുവന്നപ്പോൾ തന്നെ ഹെൽമെറ്റുകൾ വ്യാപകമായി മോഷണം പോയിരുന്നു.

വേഗതയില്ലെങ്കിലും വീഴ്ച ഭയങ്കരം

അംഗീകൃത ഡീലർമാരിൽ നിന്നു മാത്രം ഹെൽമെറ്റ് വാങ്ങുന്നതാണ് സുരക്ഷിതമെന്നാണ് ആർ.ടി ഉദ്യോഗസ്ഥർ പറയുന്നത്. മൂന്നു വർഷത്തിൽ ഒരിക്കൽ ഹെൽമെറ്റ് മാറുന്നത് സുരക്ഷ ഉറപ്പാക്കുമെന്നും ഒരിക്കൽ ക്ഷതമേറ്റ ഹെൽമെറ്റ് പിന്നീട് ഉപയോഗിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നുണ്ട്.

കുറഞ്ഞ വേഗതയിൽ സഞ്ചരിച്ചാലും ഇരുചക്ര വാഹനത്തിൽ നിന്ന് തലയടിച്ചു വീഴുമ്പോഴുണ്ടാകുന്ന ആഘാതം വലുതാണ്. 55 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുകയെന്നാൽ ഒരു സെക്കൻഡിൽ 49 അടിയാണ് സഞ്ചരിക്കുന്നത്. 55 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുന്ന ഒരു ബൈക്കിൽ നിന്നു വീഴുന്നതും നാലാം നിലയുടെ മുകളിൽ നിന്നും വീഴുന്നതും ഒരേ ആഘാതമാണ് സൃഷ്ടിക്കുന്നത്.

ഇന്ത്യയിൽ 150 ലേറെ അംഗീകൃത ഹെൽമെറ്റ് കമ്പനികളാണുള്ളത്. ഫിറ്റിംഗും സ്ട്രാപ്പും ശരിയല്ലാത്തവ അപകടകരമാണ്. തല മുഴുവനായി മൂടുന്ന ഫുൾ ഫേസ് ഹെൽമെറ്റാണ് കൂടുതൽ സുരക്ഷിതം. സ്ട്രാപ് ശരിയായി ഫിറ്റ് ചെയ്യാതെ ഹെൽമെറ്റ് ധരിക്കരുതെന്ന് പൊലീസും ആർ.ടി വിഭാഗവും മുന്നറിയിപ്പ് നല്കുന്നുണ്ട്.