വൈക്കം: അർഹരായ മുഴുവൻ തൊഴിലാളികൾക്കും എ. എൽ. ഒ. കാർഡ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സി. ഐ. ടി. യു. കോട്ടയം ജില്ലാ ഹെഡ്‌ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വൈക്കം എ. എൽ. ഒ. ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കരിങ്കൽ ക്വാറികൾക്ക് പ്രവർത്തന അനുമതി നൽകുക, പുഴകളിൽ നിന്നും മണൽ വാരുന്നതിന് അനുമതി നൽകുക, ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി ഭേദഗതി ചെയ്യുക എന്നിവയായിരുന്നു മറ്റ് ആവശ്യങ്ങൾ. സി. ഐ. ടി. യു. സംസ്ഥാന സെക്രട്ടറി കെ. കെ. ഗണേശൻ സമരം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി. കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സി. പി. ജയരാജ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. കെ. രമേശൻ, ജില്ലാ ട്രഷറർ വി. കെ. സുരേഷ് കുമാർ, എൻ. സാബു, എൻ. എസ്. രാജു, പി. കെ. രാജൻ, പി. വി. പുഷ്‌കരൻ എന്നിവർ പ്രസംഗിച്ചു.