sankarapuram

കുറിച്ചി : മുടങ്ങിക്കിടന്ന ശങ്കരപുരം റെയിൽവേ മേൽപാലം പണി പുനരാരംഭിച്ചതോടെ നാളുകളായ ദുരിതങ്ങൾക്ക് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് ജനങ്ങൾ. ചങ്ങനാശേരി ചിങ്ങവനം റെയിൽ പാതയിൽ ഇനി പൂർത്തിയാകാനുള്ള ഏക മേൽപ്പാലം ആണ് ഇത്. മറ്റ് നാലു പാലങ്ങളും സമയബന്ധിതമായി പൂർത്തീകരിച്ചിരുന്നു. മൂന്ന് മാസത്തിനകം പൂർത്തിയാക്കാം എന്ന വാഗ്ദാനത്തിലാണ് പാലംപൊളിച്ചതെങ്കിലും വർഷമൊന്ന് കഴിഞ്ഞിട്ട് പാലം പണി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പണികൾ സമയ ബന്ധിതമാക്കണം എന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരങ്ങളും നടത്തിയിരുന്നു. ഇപ്പോൾ ഗർഡറുകൾ സ്ഥാപിച്ച് വാർക്കയും പൂർത്തീകരിച്ചു കഴിഞ്ഞു. കാൽനട, ഇരുചക്രവാഹനയാത്ര ഇതുവഴി സാദ്ധ്യമായിട്ടുണ്ട്. അപ്രോച്ച് റോഡ് നിർമ്മാണവും ആരംഭിച്ചു കഴിഞ്ഞു. അത് പൂർത്തിയായാൽ വാഹന ഗതാഗതം സാധ്യമാകും. ഏതാനും നാളുകൾക്കകം പൂർണ്ണമായ യാത്രാമാർഗ്ഗമായി ശങ്കരപുരം മേൽപാലം ഉപയോഗയോഗ്യമാകും. പല കരാറുകാരെ നീക്കുകയും കരാറുകാരൻ കോട്ടയം മേൽപ്പാലം പണിക്കായി ഇവിടെ നിന്ന് നിർമ്മാണ സാമഗ്രികൾ കൊണ്ടു പോയതിനാൽ പലതവണ ശങ്കരപുരം മേൽപാലം പണി മുടങ്ങിയിരുന്നു. മേൽപാലം പണി എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 പാലം പൊളിച്ചപ്പോൾ 'പണി" കിട്ടിയത് കുറിച്ചിക്കാർക്ക്

ശങ്കരപുരം മേൽപാലം പൊളിച്ചതോടെ കുറിച്ചിയെ തന്നെ രണ്ടായി പിളർത്തിയതിന് സമാനമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. ഏറെ ദുരിതം അനുഭവിച്ചിരുന്നു. പഞ്ചായത്ത്, വില്ലേജ്, പോസ്റ്റാഫീസ്, ആയുർവ്വേദാശുപത്രി അടക്കം നിരവധി ഓഫീസുകളിൽ എത്താൻ ജനങ്ങൾ ബുദ്ധിമുട്ടി. പാലം പണി പുനരാരംഭിച്ചതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷ കുറിച്ചിക്കാർ പങ്കുവയ്ക്കുന്നു.