കോട്ടയം: പൊലീസുകാർക്കെതിരായ പരാതികളിൽ അന്വേഷണം നടത്തുന്നതിന് നിയോഗിക്കപ്പെട്ട പൊലീസ് കംപ്ലെയിന്റ് അതോറിറ്റി വെറും ക‌ടലാസു പുലിയാണ്!. വെറുതെ പറയുന്നതല്ല, രണ്ടു തവണയായി ആറു വർഷത്തോളം അതോറിറ്രി ചെയർമാനായി പ്രവർത്തിച്ചിരുന്ന റിട്ട.ജില്ലാ ജ‌ഡ്‌ജി കെ.സി ജോർജിന്റെ അനുഭവമാണിത്.

പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയിൽ ജില്ലാ ജ‌ഡ്‌ജിയുടെ റാങ്കിലുള്ള വ്യക്തി അദ്ധ്യക്ഷനും ജില്ലാ കളക്‌ടറും എസ്.പിയും അംഗങ്ങളുമാണ്. എന്നാൽ,അതോറിറ്റിയുടെ അന്വേഷണ റിപ്പോർട്ടുകളിൽ ഭൂരിഭാഗത്തിലും സർക്കാർ നടപടിയെടുത്തിട്ടില്ലെന്ന് ജോർജ് സാക്ഷ്യപ്പെടുത്തുന്നു. പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചാലും വീണ്ടും അന്വേഷണം നടത്തി കേസ് ഒതുക്കും!

അന്വേഷണ റിപ്പോർട്ട് മാത്രമല്ല ഒതുക്കുന്നത്. അതോറിറ്റിയെ തന്നെ ഒതുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിപ്പോന്നത്. ആറു വർഷമായി സ്റ്റാഫിന് ശമ്പളം കൊടുത്തിട്ടില്ല. വാഹനത്തിന് പെട്രോൾ അടിക്കാൻ പണം നൽകിയിട്ടില്ല.

സഹ പ്രവർത്തകരുടെ ശമ്പളവും വാഹനത്തിന് ഇന്ധനം നിറച്ച തുകയും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം സർക്കാരിന് കത്തെഴുതിയത് 41 തവണയാണ്. മുഖ്യമന്ത്രി മുതൽ ആഭ്യന്തവകുപ്പ് സെക്രട്ടറിവരെയുള്ളവർക്ക് അയച്ച കത്തുകൾ പൊട്ടിച്ചു നോക്കാൻ പോലും അവർ തയ്യാറായില്ലെന്ന് ജോർജ് കുറ്റപ്പെടുത്തുന്നു. ഇന്ധനം നിറച്ച വകുപ്പിൽ മാത്രം നാലു ലക്ഷത്തോളം രൂപയാണ് ഇദ്ദേഹത്തിന് ലഭിക്കാനുള്ളത്.

2013 ലാണ് യു.ഡി.എഫ് സർക്കാരാണ് കെ.സി ജോർജിനെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ആറു ജില്ലകളുടെ പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയ‌ർമാനായി നിയമിച്ചത്. 2019 വരെ രണ്ടു തവണയായി ആറു വർഷം ചെയർമാനായിരുന്നു. ചെയർമാന് ഔദ്യോഗിക ആവശ്യങ്ങൾക്ക് കാർ വാങ്ങാൻ പണം അനുവദിച്ച സർക്കാർ, ദിവസ വേതന അടിസ്ഥാനത്തിൽ ഓഫീസ് ജീവനക്കാരെ നിയമിക്കാമെന്നും ഉത്തരവിറക്കി. അതോറിറ്റിയുടെ പ്രവർത്തനത്തിനായി സർക്കാർ ബജറ്റിൽ തുകയും അനുവദിച്ചു. ഇത് അനുസരിച്ച് അതോറിറ്റി പ്രവർത്തനം ആരംഭിച്ചു. എന്നാൽ,ആദ്യ മൂന്നു വർഷം കഴിഞ്ഞിട്ടും ജീവനക്കാരുടെ ശമ്പളമോ, യാത്രയ്‌ക്കായി വാങ്ങിയ വാഹനത്തിന് ഇന്ധനം നിറയ്‌ക്കാനുള്ള തുകയോ സർക്കാർ നൽകിയില്ല.

സ്റ്റാഫിന് സ്വന്തം കൈയിൽ നിന്ന് നൽകിയ ശമ്പളം തന്നില്ലെങ്കിലും ഇന്ധനചെലവായ നാലു ലക്ഷം രൂപയെങ്കിലും നൽകണമെന്നാണ് ജോർജിന്റെ ആവശ്യം.

ആരോപണങ്ങൾ

 സ്റ്റാഫിന് ശമ്പളമോ, ഇന്ധന ചെലവോ നൽകാതെ ശ്വാസം മുട്ടിച്ചു

 41 കത്തുകളെഴുതിയിട്ടും മുഖ്യമന്ത്രിയടക്കമുള്ളവരാരും പ്രതികരിച്ചില്ല

 ഭൂരിപക്ഷം അന്വേഷണ റിപ്പോർട്ടുകളിലും സർക്കാർ നടപടിയെടുത്തില്ല

 പ്രതികൂല റിപ്പോർട്ടുകൾ പുനരന്വേഷണം നടത്തി അസാധുവാക്കി

ഇന്ധന ചെലവിനത്തിന്

നൽകാനുള്ളത്

4,000,00 രൂപ

പൊലീസ് കംപ്ലെയിന്റ് അതോറിറ്റി അദ്ധ്യക്ഷനു നൽകാത്ത നീതി പൊലീസിനെതിരായി പരാതി നൽകിയവർക്ക് കിട്ടുമെന്ന് എങ്ങിനെ പ്രതീക്ഷിക്കാനാണ്. സർക്കാരിന്റെ നയസമീപനങ്ങളിലെ സത്യസന്ധതയില്ലായ്മയാണ് ഇതു കാണിക്കുന്നത്

- എ. കെ. സതീശൻ, കുമാരനല്ലൂർ