കോട്ടയം: മൂക്ക് പൊത്താതെ നടക്കാൻ കഴിയാത്ത കോട്ടയത്തെ ഒരു മാസത്തിനുള്ളിൽ മാലിന്യ രഹിതമാക്കും ! മീനച്ചിലാർ- മീനന്തറയാർ- കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായാണ് വിവിധ വകുപ്പുകളെയും ത്രിതല പഞ്ചായത്തുകളെയും യോജിപ്പിച്ചും പൊതു ജനപങ്കാളിത്തത്തോടെയും ഒരു മാസത്തിനുള്ളിൽ നടപ്പാക്കുന്നത്. തുടർന്ന് ജനുവരി ഒന്നിന് മാലിന്യ രഹിത വർഷത്തിന്റെ പ്രഖ്യാപനം നടത്തുമെന്ന് കോ-ഒാർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ അറിയിച്ചു. നദികളും തോടുകളു മാലിന്യ മുക്തമാക്കുന്നതിനൊപ്പം മാലിന്യ കൂമ്പാരമായി മാറിയ വേമ്പനാട്ടുകായലും ശുദ്ധീകരിക്കും. കായലിന്റെ അതിർത്തി നിശ്ചയിച്ച് ജണ്ടയിടും. കായലിലെ ചെളി വാരി ബണ്ടുകൾ ബലപ്പെടുത്തും.കായൽ ഇനി മലിനപ്പെടാതിരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ അവയുടെ സംരക്ഷകരാകും.

സമയബന്ധിത പദ്ധതി ഡിസംബറിൽ ഇങ്ങനെ

തദ്ദേശ തലത്തിൽ ശുചിത്വ സഭ , ശുചിത്വ സർവ്വേ, സമ്പൂർണ മാലിന്യ നിർമാർജന പദ്ധതി , ഖരമാലിന്യം നിലവിലുള്ളത് സംസ്കരിക്കൽ, പുതിയ മാലിന്യങ്ങൾ ഉണ്ടാകാതെ അതാതിടങ്ങളിൽ സംസ്കരണം ഉറപ്പാക്കൽ , രണ്ടു പദ്ധതികൾക്കും രണ്ടു തരം സർവ്വേ. ഉറവിട മാലിന്യ സംസ്കരണ നിർദ്ദേശങ്ങൾ എല്ലാ വീടുകളുടെയും അടുക്കളയിലോ വീട്ടുടമ അനുവദിക്കുന്ന ഇടങ്ങളിലോ പതിക്കൽ, ബോധവത്ക്കരണം, ജില്ലയിലെ സ്കൂളുകളിൽ ഡിസംബർ രണ്ടാം വാരം പ്രത്യേക അസംബ്ലി ചേർന്ന് ഹരിത പാർലമെന്റ് രൂപീകരണം. മാലിന്യ രഹിത പുതുവർഷ സന്ദേശം കുട്ടികൾ അവരവരുടെ വീടുകളിൽ നടപ്പാക്കുമെന്ന് ക്ലാസ് തലത്തിൽ ഉറപ്പാക്കൽ. നിലവിലുള്ള മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യുന്ന പ്രത്യേക പരിപാടി പി.ടി.എയുടെയും വിദ്യാത്ഥികളുടെയും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ നടപ്പാക്കൽ.

മാലിന്യ നിർമാജന പരിപാടി

 ഡിസംബർ 22,23 പൊതു സ്ഥാപനങ്ങൾ

 27,28 പുഴകൾ, തോടുകൾ, കുളങ്ങൾ

 29,30 ബസ് സ്റ്റാൻഡ്, വ്യാപാര കേന്ദ്രങ്ങൾ

 ജനുവരി 1 മാലിന്യ രഹിത പ്രഖ്യാപനം

ഖരമാലിന്യ സംസ്കരണ പരിപാടിയും പ്രളയരഹിത കോട്ടയം പരിപാടിയും ഒരേ സമയത്ത് പരസ്പരം ബന്ധിപ്പിച്ചു നടത്താനാണ് ലക്ഷ്യമിടുന്നത്. ശുചിത്വ കോട്ടയം, ഹരിത കോട്ടയം, പ്രളയ രഹിത കോട്ടയം എന്നീ മുദ്രാവാക്യമുയർത്തിയള്ള പദ്ധതി ജില്ലാ ആസൂത്രണ സമിതി, ഹരിത കേരള മിഷൻ, മീനച്ചിൽ -മീനന്തറയാർ- കൊടൂരാർ പുനർ സംയോജന പദ്ധതി, ജനകീയ കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്.

-അഡ്വ.കെ.അനിൽകുമാർ