കോട്ടയം: പട്ടണമദ്ധ്യത്തിൽ പൊട്ടിയ പൈപ്പ് കണ്ടെത്താൻ വേണ്ടി വന്നത് രണ്ടു ദിവസം ! പൊതുമരാമത്ത് വകുപ്പ് ഓഫീസിന് സമീപം ടി.ബി. റോഡിലാണ് സംഭവം. സംഭവം ഇങ്ങനെ... കെ.എസ്.ടി.പിയുടെ ടാറിംഗ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ റോഡിലൂടെ തെളിനീർ പ്രവാഹം ആരംഭിച്ചതാണ്. എവിടെയെങ്കിലും റോഡ് പുതുക്കിപ്പണിയുകയൊ ടാറിടുകയൊ ചെയ്താൽ തൊട്ടടുത്ത ദിവസം പൈപ്പുപൊട്ടുന്നത് കേരളത്തിൽ പതിവുള്ള കാര്യമായതുകൊണ്ട് ആരും ഇതത്ര ഗൗരവത്തിലെടുത്തില്ല. എന്നാൽ ദിവസം കഴിയുന്തോറും പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് വർദ്ധിച്ചതോടെ കളി കാര്യമായി. വാട്ടർ അതോറിട്ടി അധികൃതർ സ്ഥലം പരിശോധിച്ച് പൈപ്പ് പൊട്ടിയതാണെന്ന് സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെ തൊഴിലാളികളുമായെത്തിയ കരാറുകാരൻ റോഡ് തുരക്കാൻ തുടങ്ങി. തുരന്ന് തുരന്ന് റോഡിൽ വലിയ കിടങ്ങ് രൂപപ്പെട്ടിട്ടും ജലത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. ഒടുവിൽ 48 മണിക്കൂർ നേരത്തെ പ്രയത്നത്തിനൊടുവിൽ ഇന്നലെ വൈകിട്ട് 3 മണിയോടെ ജലപ്രവാഹത്തിന്റെ ഉറവിടം കണ്ടെത്തി. റോഡിന്റെ ഉപരിതലത്തിൽ നിന്ന് 7 അടിയോളം താഴ്ചയിൽ സ്ഥാപിച്ചിരുന്ന പൈപ്പാണ് പൊട്ടിയത്. അതുകൊണ്ടുതന്നെ പൈപ്പ് പൊട്ടിയഭാഗം കൃത്യമായി മനസിലാക്കാൻ കഴിയാതെ 6 അടിയോളം നീളത്തിൽ റോഡ് വെട്ടിപ്പൊളിക്കുകയും ചെയ്തു.
പ്രശ്നപരിഹാരത്തിന് ഒരു മണിക്കൂർ
നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന 4 ഇഞ്ച് വ്യാസമുള്ള ആസ്ബറ്റോസ് പൈപ്പിലെ ചോർച്ചയായിരുന്നു. ഗാർഹിക കണക്ഷനുകൾക്കുവേണ്ടി പ്രധാനപൈപ്പ് തുരന്നുണ്ടാക്കിയദ്വാരം കാലക്രമേണ വലുതായതായതാണ് ചോർച്ചക്ക് കാരണം.രോഗം കണ്ടെത്തിയതോടെ ഒരുമണിക്കൂറിനകം പ്രശ്നം പരിഹരിച്ചു.
'റോഡിന്റെ ഉപരിതലത്തിൽ ജലം നിരന്നൊഴുകിയതുകാരണം പൈപ്പ് പൊട്ടിയത് എവിടെയാണെന്ന് കൃത്യമായി കണ്ടെത്താൻ ബുദ്ധിമുട്ടായി. അതുകൊണ്ടാണ് കൂടുതൽ സ്ഥലം വെട്ടിപ്പൊളിക്കേണ്ടിവന്നത്. കുഴിച്ച സ്ഥലത്തെ മണ്ണ് ഉറച്ചുകഴിഞ്ഞാൽ ഉടൻ വാട്ടർ അതോറിട്ടിയുടെ ചെലവിൽ ഇവിടെ കോൺക്രീറ്റ് ചെയ്ത് റോഡ് പൂർവസ്ഥിതിയിലാക്കും.'
: അസി.എൻജിനീയർ, കേരളവാട്ടർ അതോറിട്ടി, കോട്ടയം