കോട്ടയം: ബിഷപ്പ് ഫ്രാങ്കോ കേസിന്റെ വിചാരണയുടെ ഭാഗമായുള്ള ആദ്യഘട്ട നടപടികൾ ഇന്ന് കോട്ടയം അഡീഷണൽ ജില്ലാ കോടതിയിൽ നടക്കും. ഹാജരാകാൻ ഫ്രാങ്കോയ്‌ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ 11 നായിരുന്നു കേസ് ആദ്യമായി സെഷൻസ് കോടതിയുടെ പരിഗണനയ‌്ക്ക് എത്തിയത്. എന്നാൽ, കോടതി അവധിയായതിനാൽ ഇന്നത്തേയ്‌ക്കു മാറ്റി . ഫ്രാങ്കോ ഹാജരായി ജാമ്യമെടുക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ കേസ് ആദ്യമായി വിചാരണയ്‌ക്ക് എടുക്കുന്നതിനാൽ അഭിഭാഷകൻ ഹാജരായാലും മതി.

പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസ് വിചാരണയ്‌ക്കായാണ് ജില്ലാ സെഷൻസ് കോടതിയിൽ എത്തിയത്. ജലന്ധർ രൂപതാ അദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ കന്യാസ്‌ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. വൈക്കം ഡിവൈ.എസ്.പിയായിരുന്ന കെ.സുഭാഷാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. അഡ്വ.ജിതേഷ് ജെ.ബാബുവാണ് സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ.