കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം ഡിസംബർ 2ന് കൊടിയേറി 11ന് ആറാട്ടോടെ സമാപിക്കും. 2ന് വൈകിട്ട് 4ന് നടക്കുന്ന കൊടിയേറ്റ് ചടങ്ങുകൾക്ക് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമിത്വം വഹിക്കും. മധുരമന അച്യൂതൻ നമ്പൂതിരി, മരുതമ്പടി നാരായണൻ ശിവദാസ് എന്നിവർ സഹകാർമികരാകും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉത്സവകമ്മിറ്റി കൺവീനർ കെ.എസ്. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. നർത്തകി പാരീസ് ലക്ഷ്മി ഭദ്രദീപം തെളിക്കും. എം.പിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, കെ. സുരേഷ് കുറുപ്പ് എം.എൽ.എ തുടങ്ങിയവർ പ്രസംഗിക്കും. രാത്രി 8ന് പാരീസ് ലക്ഷ്മി അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറും. രണ്ടാം ഉത്സവം മുതൽ ദിവസവും രാവിലെ 5.30ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, ഉത്സവബലി ദർശനം, മറ്റ് വിശേഷാൽ പൂജകൾ എന്നിവ നടക്കും. ഡിസം. 3ന് വൈകിട്ട് 6 മുതൽ കലാമണ്ഡപത്തിൽ സംഗിതക്കച്ചേരി, തിരുവാതിര, പടയണിതാളം ചുവട് കാഴ്ച, 4ന് വൈകിട്ട് 6 മുതൽ സംഗീതക്കച്ചേരി, ശാസ്ത്രീയനൃത്തം, ഭരതനാട്യം, വയലിൽ കച്ചേരി, 5ന് വൈകിട്ട് ചലച്ചിത്രപിന്നണി ഗായകൻ വിധു പ്രതാപും സംഘവും നയിക്കുന്ന ഭക്തിഗാനമേള, 6ന് രാത്രി 8ന് മിനി എസ്. നായർ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, രാത്രി 9നും ഡിസം.7ന് രാത്രി 9.30നും കഥകളി. 8ന് വൈകിട്ട് 7 മുതൽ നൃത്തപരിപാടികൾ, രാത്രി 9ന് മിഴാവിൽ പഞ്ചാരിമേളം, 9ന് വൈകിട്ട് 6 മുതൽ തിരുവാതിര, മോഹിനിയാട്ടം, കീബോർഡ് സംഗീതനിശ, നൃത്തവിസ്മയം. 10ന് രാത്രി 7.30ന് തൃക്കാർത്തിക സംഗീതോത്സവം, രാത്രി 9ന് സംഗീതസദസ്, 11ന് രാവിലെ 9 മുതൽ പഞ്ചാരിമേളം, ജലതരംഗക്കച്ചേരി, ഭക്തിഗാനമേള, ക്ലാസിക്കൽ ഭജൻസ്, പകൽമേളം, സംഗീതസദസ് രാത്രി 10ന് ഹരികഥ, 11.30ന് നൃത്തസംഗീതനാടകം- ' ദേവി കാർത്ത്യായനി' തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.