പൊൻകുന്നം: പൊൻകുന്നം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെയും സഹകരണത്തോടെ രൂപീകരിച്ച പൊൻകുന്നം ബ്ലഡ് ഫോറത്തിന്റെ ഉദ്ഘാടനവും ജില്ലാതല എയ്ഡ്‌സ് ദിനാചരണവും നാളെ നടക്കും. പൊൻകുന്നം ഹോളി ഫാമിലി ചർച്ച് പാരിഷ് ഹാളിലാണ് പരിപാടി. രാവിലെ 8.30ന് പാലാ പൊലീസ് സ്റ്റേഷൻ മുതൽ പൊൻകുന്നം വരെ ബുള്ളറ്റ് റാലി നടക്കും. പൊൻകുന്നം ബുൾസ് നേതൃത്വം നൽകുന്ന റാലി പാലാ ഡിവൈ.എസ്.പി. ഷാജിമോൻ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും. 9.30ന് പൊൻകുന്നം പാരിഷ് ഹാളിൽ നടക്കുന്ന രക്തദാന ക്യാമ്പ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. പത്തിന് പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ നിന്നു ടൗൺ ചുറ്റി സമ്മേളന നഗരിയിലേക്ക് ബോധവത്കരണ റാലിയും നടത്തും. തുടർന്ന് സമ്മേളനം ഡോ.എൻ.ജയരാജ് എം.എൽ.എ.ഉദ്ഘടനം ചെയ്യും. പൊൻകുന്നം ബ്ലഡ് ഫോറത്തിന്റെ ഉദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ.നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു എയ്ഡ്‌സ്ദിന സന്ദേശം നൽകും. സിനിമാതാരം പ്രീതി ജിനോ മുഖ്യാതിഥിയാവും.