എരുമേലി :'എന്റെ കുറവുകളെ സ്‌നേഹിച്ച അച്ഛനും അമ്മയുമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വിലയുള്ള പാഠപുസ്തകം". മുംബൈയിൽ കണ്ണഞ്ചിപ്പിക്കുന്ന വേദിയിൽ സമൂഹത്തിലെ ഉന്നതരുടെ കൈകളിൽ നിന്ന് ഡോ. ബത്ര പോസിറ്റീവ് ഹീറോ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ടുള്ള ലത്തീഷയുടെ ഈ വാക്കുകൾ സദസ് നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് വിജയകരമായ നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കുന്നതിന് ആരോഗ്യവ്യവസായ രംഗത്ത് ദേശീയ തലത്തിൽ പ്രബലരായ ഡോ. ബത്രാസ് ഗ്രൂപ്പ് 12 വർഷമായി . നൽകിവരുന്നതാണ് ഈ പുരസ്കാരം. എരുമേലി പുത്തൻപീടികയിൽ അൻസാരി- ജമീല ദമ്പതികളുടെ മകളായ ലത്തീഷ അൻസാരി പിറന്നപ്പോൾ മുതൽ അസ്ഥികൾ ശോഷിച്ച് ഒടിഞ്ഞുനുറുങ്ങുന്ന അസാധാരണ രോഗത്തിന് അടിമയാണ്. എന്നാൽ ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും പിൻബലത്തിൽ മുന്നേറുന്ന ഈ അസാധാരണ യുവതി തന്റെ പരിമിതികളിലും അടുത്തിടെ സിവിൽ സർവീസ് പരീക്ഷ എഴുതി. ഫലം കാത്തിരിക്കുമ്പോഴാണ് ഈ അവാർഡ് ലഭിച്ചത്.
ഭിന്നശേഷിക്കാരിയെന്ന് മുദ്രകുത്തി ഒറ്റപ്പെട്ടുപോയവർക്കുള്ള പ്രചോദനമാണ് ലത്തീഷയുടെ ജീവിതം. 26 വയസായ ലത്തീഷയെ കണ്ടാൽ ഒരു കൊച്ചുകുട്ടിയാണെന്നേ പറയൂ. പക്ഷെ, പഠനത്തിലും ഉപകരണ സംഗീതത്തിലും ചിത്രരചനയിലും ലത്തീഷ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് . മകൾ അത്യപൂർവ രോഗത്തിനടിമയാണെന്ന് അറിഞ്ഞത് മുതൽ ഇച്ഛാശക്തിയോടെ കൂടെ നിന്ന് പൊരുതിയ മാതാപിതാക്കൾക്കൊപ്പമാണ് മുംബൈയിലെ അവാർഡ് വേദിയിൽ ലത്തീഷ എത്തിയത്. ശ്വസന ഉപകരണത്തിന്റെ സഹായത്തോടെയാണ് ലത്തീഷ വിമാനത്തിൽ സഞ്ചരിച്ചത്