പാലാ: ചെറിയൊരു കാറ്റടിച്ചാൽ അന്ത്യാളംകാരുടെ മനസിൽ ആധിയാണ് ; വഴി വക്കിലെ കൂറ്റൻ വട്ടമരം കടപുഴകുമോ.....? അന്ത്യാളം പയപ്പാർ റോഡ് വക്കിൽ അന്ത്യാളം ജംഗ്ഷനിൽ, ബസ് സ്റ്റോപ്പിനടുത്തു ചുവടു മുക്കാൽ ഭാഗവും ദ്രവിച്ചു നിൽക്കുന്ന വട്ടമരം നാട്ടുകാരുടെയും ഇതുവഴിയുള്ള യാത്രക്കാരുടെയും ഉറക്കം കെടുത്താൻ തുടങ്ങിയിട്ടു നാളുകളായി. മരം ഏതു നിമിഷവും നിലംപൊത്താൻ പാകത്തിന് അപകട നിലയിലാണെന്ന് ചൂണ്ടിക്കാട്ടി ഒന്നര മാസം മുമ്പ് പരിസരവാസികൾ എം.എൽ. എ, ആർ.ഡി.ഒ., പി.ഡബ്ലൂ.ഡി, കരൂർ പഞ്ചായത്ത് തുടങ്ങി അധികാരികൾക്കെല്ലാം പരാതിയും കൊടുത്തതാണ്. ഒരു പ്രയോജനവുമുണ്ടായില്ല. ആരും ഇതേ വരെ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടുമില്ല.
വൈദ്യുതി ലൈനുകളും ഈ മരത്തോടു ചേർന്ന് കടന്നു പോകുന്നുണ്ട്. മരം ഒടിഞ്ഞാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുകളിലേക്കോ, സ്വകാര്യ വ്യക്തിയുടെ വീടിനു മുകളിലേക്കോ, അല്ലെങ്കിൽ മെയിൻ റോഡിലേക്കോ വീഴാം. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മതിലും ബോർഡുമൊക്കെ തകരാനും സാദ്ധ്യതയുണ്ട്.
സ്വകാര്യ ബസ്സും സ്‌കൂൾ ബസ്സുകളുമുൾപ്പെടെ നിരവധി വാഹനങ്ങൾ നിത്യേന സഞ്ചരിക്കുന്ന വഴിയാണിത്. മരം ഒടിഞ്ഞു വീണാൽ അപകട സാദ്ധ്യതയേറെയാണ്. വിവിധ അധികാരികൾക്ക് നാട്ടുകാർ പരാതി നൽകിയിട്ട് ഒന്നര മാസം പിന്നിട്ടിരിക്കുകയാണ്. ഒന്ന് സ്ഥലപരിശോധന നടത്താൻ പോലും അധികാരികളാരും തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
അപകടഭീഷണി പ്രാഥമികാരോഗ്യകേന്ദ്രത്തിന് തൊട്ടടുത്ത്
നിത്യേന നിരവധി രോഗികളെത്തുന്ന അന്ത്യാളം പ്രാഥമികാരോഗ്യകേന്ദ്രം മന്ദിരത്തിനു തൊട്ടു മുകളിലാണീ വന്മരം നിൽക്കുന്നത്. ആശുപത്രിയിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങളും മറ്റും ഈ മരത്തിന്റെ പരിസരത്താണ് പാർക്ക് ചെയ്യുന്നത്. വലവൂർ ബാങ്കിന്റെ അന്ത്യാളം ബ്രാഞ്ച് ഓഫീസിലേക്ക് വരുന്നവരുടെ വാഹനങ്ങളും ഇവിടെ പാർക്ക് ചെയ്യാറുണ്ട്.
മരം ഉടൻ വെട്ടി മാറ്റണം
അന്ത്യാളം ജംഗ്ഷനിൽ അപകട നിലയിൽ നിൽക്കുന്ന വലിയ വട്ട മരം ഉടൻ വെട്ടിമാറ്റണം. അപകടമുണ്ടായിട്ട് പരിഹാരം നോക്കിയിട്ട് എന്തു കാര്യം.?
--
സോജൻ മാത്യു, കുര്യത്ത്, അന്ത്യാളം