കോട്ടയം: ചങ്ങനാശേരി ഇത്തിത്താനത്ത് വൃദ്ധദമ്പതികളെയും ഇളയമകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊൻപുഴയ്ക്ക് സമീപം പാലമൂട്ടിൽ രാജപ്പൻ നായർ (തങ്കപ്പൻ - 70), ഭാര്യ സരസമ്മ (65), മകൻ രാജീവ് (35) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമികനിഗമനം. രാവിലെ ആറ് മണിയോടെയാണ് സംഭവം പ്രദേശവാസികൾ അറിയുന്നത്. രാജീവ് ടിപ്പർ ലോറിയിൽ ക്ലീനറായി ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് പുലർച്ചെ ഓട്ടംപോകുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവറും സുഹൃത്തുമായ പ്രദീപ് രാത്രിയിൽ രാജീവിനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ രാജീവ് ഫോണെടുത്തില്ല. ഇതിനെ തുടർന്ന് ഇന്ന് രാവിലെ ആറ് മണിയോടെ രാജീവിനെ വിളിക്കാൻ പ്രദീപ് പൊൻപുഴയിൽ എത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു.

പ്രദീപ് സമീപത്തെ വീട്ടിൽ ഉടൻ വിവരം അറിയിച്ചു. തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൂവരെയും ഒരേമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ തന്നെയാണ് വിവരം ചിങ്ങവനം പൊലീസിൽ അറിയിച്ചത്. പൊലീസ് പരിശോധനയ്ക്കും ഫോറൻസിക് നടപടികൾക്കും ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ലോറിയിലെ ക്ലീനർ ജോലിക്ക് പുറമേ പെയിന്റിംഗ് ജോലിക്കും രാജീവ് പോയിരുന്നു.

അതേസമയം, കുടുംബപ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമായി പൊലീസ് സംശയിക്കുന്നത്. തങ്കപ്പൻനായർ - സരസമ്മ ദമ്പതികളുടെ മൂത്തമകൻ രാജേഷ് വിവാഹശേഷം സമീപത്തെ വീട്ടിലാണ് താമസം.