കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനുള്ള ജാമ്യം കോട്ടയം ജില്ലാ അഡിഷണൽ ആൻഡ് സെഷൻസ് ജഡ്ജി ജി. ഗോപകുമാർ നീട്ടിനൽകി. നേരത്തേ ഹൈക്കോടതിയിൽ നിന്നും കുറ്റപത്രം സമർപ്പിച്ച പാല മജിസ്ട്രേട്ട് കോടതിയിൽ നിന്നും ഫ്രാങ്കോ ജാമ്യം നേടിയിരുന്നു. ഇത് നിലനിൽക്കെയാണ് ഇന്നലെ വിചാരണക്കോടതിയിലെ ആദ്യ സിറ്റിംഗിന് ഹാജരായത്. പ്രതികളും രണ്ട് ജാമ്യക്കാരും കഴിഞ്ഞ മാസം 11ന് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി സമൻസ് അയച്ചിരുന്നു. അന്ന് കോടതി അവധി ആയിരുന്നതിനാൽ ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യം നിന്ന രണ്ട് പേരിൽ ബിഷപ്പിന്റെ സഹോദരൻ മാത്രമാണ് ഇന്നലെ ഹാജരായത്. രണ്ടാമന് അസൗകര്യം മൂലം ഹാജരാകാനാകില്ലെന്നും പകരം മറ്റൊരാളെ പരിഗണിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ അപേക്ഷ കോടതി അനുവദിച്ചു. ഫ്രോങ്കോയുടെ അടുത്തബന്ധുകൂടിയ ചാലക്കുടി സ്വദേശിയാണ് പുതിയ ജാമ്യക്കാരൻ. കേസ് ഇനി ജനുവരി 6ന് പരിഗണിക്കും. കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായ അഡ്വ. ജിതേഷ് ജെ. ബാബു ഇന്നലെ ചുമതലയേറ്രു.