കോട്ടയം: ഇടുക്കി മുൻസിഫ് കോടതിയിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ വ്യാജലിസ്റ്റ് നൽകി കുടുക്കിലായിരിക്കുന്ന ജോസ് കെ. മാണി കേരളാ കോൺഗ്രസ് (എം) തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടുള്ള ലിസ്റ്റ് വ്യാജമാണെന്ന് പറയുന്നത് ഉത്സവപറമ്പിലെ പോക്കറ്റടിക്കാരന്റെ തന്ത്രവും ശൈലിയുമാണെന്ന് ജോസഫ് ഗ്രൂപ്പ് നേതാവ് ജോയ് എബ്രഹാം കുറ്റപ്പെടുത്തി. പാർട്ടി റിട്ടേണിംഗ് ഓഫീസറെ സ്വാധീനിച്ചും മുൻതീയതി വച്ചും, വ്യാജ സീൽ പതിപ്പിച്ചും കൃത്രിമമായി ഉണ്ടാക്കിയ ലിസ്റ്റാണ് ജോസ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ പാര്‍ട്ടി ഭരണഘടനയുടെയും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്ത അറയ്ക്കൽ ബാലകൃഷ്ണപിള്ള ചെയർമാനും ജോയി എബ്രാഹം മോൻസ് ജോസഫ് എന്നിവ അംഗങ്ങളുമായുള്ള പാർട്ടി ഇലക്ഷന്‍ കമ്മറ്റി അംഗീകരിച്ച് റിട്ടേണിംഗ് ഓഫീസർക്ക് കൈമാറിയ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മറ്റിയംഗങ്ങളുടെ ലിസ്റ്റിന്റെ പകർപ്പാണ് കേരളാ കോണ്‍ഗ്രസ് (എം) ഇലക്ഷൻ കമ്മീഷന് സമർപ്പിച്ചത്. ഈ ലിസ്റ്റ് സംബന്ധിച്ച് ജോസ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് ജോയ് എബ്രഹാം പ്രസ്താവനയിൽ അറിയിച്ചു.