വൈക്കം : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 3ഓടെ ഉദയനാപുരം കാരുവള്ളി ഭാഗത്താണ് സംഭവം. അമ്പലപ്പുഴ കാരൂർ കൊച്ചുതോപ്പിൽ ഗിരി, സഹോദരിയുടെ മകൻ അഭിനവ് (11) എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാട്ടിക്കുന്ന് പാലാക്കരി ഫിഷ്ഫാം സന്ദർശിച്ച് മടങ്ങുകയായിരുന്നു ഇവർ. ഉദയനാപുരത്തെത്തിയപ്പോൾ മുൻഭാഗത്തു നിന്ന് വയർ കരിയുന്ന മണവും പുകയും അനുഭവപ്പെട്ടു. കാർ ഉടൻ റോഡരികിലേക്ക് മാറ്റി നിറുത്തിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ തീ ആളിക്കത്തുകയായിരുന്നു. തീപിടിച്ചത് മൂലം കാറിലെ ഓട്ടോമാറ്റിക് ഡോർ ലോക്കിംഗ് സംവിധാനം ജാമായെങ്കിലും ഗിരി വാതിൽ തുറക്കാൻ നടത്തിയ ശ്രമം വിജയിക്കുകയും അഭിനവിനെയും കൊണ്ട് ഓടി മാറുകയും ചെയ്തതിനാൽ പൊള്ളലേറ്റില്ല. വൈക്കം അസി.സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാർ ലീഡിംഗ് ഫയർമാൻ ജയകുമാർ, ഫയർമാൻമാരായ ലജീഷ്, വിനോദ്, സനീഷ്, അനീഷ്, സിജോ എന്നിവരുടെ നേതൃത്വത്തിൽ തീകെടുത്തി. തീ അണയ്ക്കുന്നതിനിടയിൽ ഇവർക്കും നിസാര പൊള്ളലേറ്റു. എസിയുടെ വയർ കത്തിയതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.