തഹസീൽദാർ സ്ഥലത്തെത്തി, മരം അത്യന്തം അപകടാവസ്ഥയിലെന്ന് റിപ്പോർട്ട്


പാലാ: അന്ത്യാളത്തുകാരുടെ മനസ്സിലെ ആധി മാറും; വഴി വക്കിലെ കൂറ്റൻ വട്ടമരം അപകടനിലയിൽ നിൽക്കുന്ന പ്രശ്‌നത്തിൽ ജില്ലാ കളക്ടർ സുധീർ ബാബു ഇടപെട്ടു.

ഇതു സംബന്ധിച്ച് 'കേരളകൗമുദി" ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മീനച്ചിൽ തഹസീൽദാർ വി.എം. അഷ്‌റഫിനോട് കളക്ടർ ആവശ്യപ്പെട്ടു. വാർത്തയുടെ കോപ്പി ജില്ലാ കളക്ടർ, മീനച്ചിൽ തഹസീൽദാർക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

തുടർന്ന് മീനച്ചിൽ തഹസിൽദാർ വി.എം. അഷറഫ് ഇന്നലെ അന്ത്യാളത്തെത്തി മരത്തിന്റെ ശോച്യാവസ്ഥയും, അപകടാവസ്ഥയും നേരിട്ടു മനസ്സിലാക്കി.

മരം വെട്ടാൻ ഉത്തരവിടാനുള്ള അധികാരം പാലാ ആർ.ഡി.ഒയ്ക്കാണ്. എത്രയും വേഗം മരം മുറിച്ചുമാറ്റുമെന്നാണു സൂചന.
അന്ത്യാളം പയപ്പാർ റോഡ് വക്കിൽ അന്ത്യാളം ജംഗ്ഷനിൽ, ബസ് സ്റ്റോപ്പിനടുത്തു ചുവടു മുക്കാൽ ഭാഗവും ദ്രവിച്ചു നിൽക്കുന്ന വട്ടമരം നാട്ടുകാരുടെയും ഇതുവഴിയുള്ള യാത്രക്കാരുടെയും ഉറക്കം കെടുത്താൻ തുടങ്ങിയിട്ടു നാളുകളായിരുന്നു.
മരം ഏതു നിമിഷവും നിലംപൊത്താൻ പാകത്തിന് അപകട നിലയിലാണെന്ന് ചൂണ്ടിക്കാട്ടി ഒന്നര മാസം മുമ്പ് പരിസരവാസികൾ എം.എൽ. എ, ആർ.ഡി.ഒ., പി.ഡബ്ലൂ.ഡി, കരൂർ പഞ്ചായത്ത് തുടങ്ങി അധികാരികൾക്കെല്ലാം പരാതിയും കൊടുത്തിരുന്നെങ്കിലും ഒരു പ്രയോജനവുമുണ്ടായിരുന്നില്ല. അധികാരികളാരും ഇവിടേക്ക് തിരിഞ്ഞു നോക്കിയിരുന്നുമില്ല. ഒടുവിൽ സംഭവം വാർത്തയായതോടെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അടിയന്തിരമായി പ്രശ്‌ന പരിഹാരത്തിന് ഇടപെടുകയായിരുന്നു.

 'വലിയ വട്ടമരം അത്യന്തം അപകടാവസ്ഥയിലാണ് നിൽക്കുന്നതെന്ന് ബോദ്ധ്യമായി. ജില്ലാ കളക്ടർക്കും, പാലാ ആർ.ഡി.ഒയ്ക്കും ഇന്നലെത്തന്നെ ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട് " -- അഷ്‌റഫ്, തഹസീൽദാർ