പാലാ: ഗീത ടീച്ചർ തൂമ്പയും വാക്കത്തിയുമായിറങ്ങി; തൊട്ടുപിന്നാലെ സ്‌കൂൾ പി.ടി.എ.ക്കാരായ അമ്മമാരും മുത്തശ്ശിമാരും. എട്ടു മണിക്കൂർ കൊണ്ട് സ്‌കൂളിന് പരിസരത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വനം പോലെ കയറിക്കിടന്ന കാടും പടലും ക്ലീൻ ! രാമപുരത്തിനടുത്ത് കുറിഞ്ഞി എസ്. കെ.വി. ഗവ. എൽ.പി.സ്‌കൂളിലെ പ്രധാനാദ്ധ്യാപിക വി.കെ. ഗീതാകുമാരിയും സ്‌കൂളിലെ കുട്ടികളുടെ അമ്മമാരും മുത്തശ്ശിമാരുമൊക്കെ ചേർന്ന് ഇന്നലത്തെ അവധി ദിനത്തിലാണ് ശുചീകരണ യജ്ഞം നടത്തിയത്.
സ്‌കൂളിനോടു ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടമാണ് കാടുകയറിക്കിടന്നത്. സ്‌കൂൾ വളപ്പിൽ അല്ലെങ്കിലും തൊട്ടടുത്തുള്ള ഈ കാട് ഗീത ടീച്ചർക്കും, സ്‌കൂൾ കുട്ടികൾക്കും, മാതാ പിതാക്കൾക്കും ഒരു പേടി സ്വപ്നമായിരുന്നു. അനുവാദം തന്നാൽ തങ്ങൾ കാടു തെളിച്ചോളാമെന്ന് ടീച്ചർ സ്ഥലമുടയോടു പറഞ്ഞു. അദ്ദേഹം അത് സമ്മതിച്ചു. സ്‌കൂൾ പി.ടി.എ ഭാരവാഹികളായ മിനി നോബി, രമ്യാ സുധീഷ് എന്നിവരോടും ഗീത ടീച്ചർ കാര്യം പറഞ്ഞു. അവർ മറ്റ് അമ്മമാരോടും.
അവധി ദിനമായിരുന്ന ഇന്നലെ രാവിലെ 9 മണിയോടെ ഗീത ടീച്ചർ സ്‌കൂളിലെത്തിയപ്പോൾ നാലഞ്ച് അമ്മമാരും പണിക്കിറങ്ങാൻ തയ്യാറായി വന്നു. ഇവർ കാടുവെട്ടുന്നതറിഞ്ഞ് മറ്റ് അമ്മമാരും സ്ഥലത്തെത്തിയതോടെ കാടുവെട്ട് 'ആഘോഷമായി. വൈകിട്ട് അഞ്ചു മണിയോടെ പണി നിർത്തുമ്പോൾ കാടുപിടിച്ച സ്ഥലം മൈതാനം പോലെ ക്ലീനായി. ടീച്ചറുടേയും പി.ടി.എയുടേയും കഠിനപരിശ്രമം കണ്ട സ്ഥലമുടമ സ്കൂളിലെ കുട്ടികൾക്ക് പച്ചക്കറി കൃഷി നടത്താൻ വിട്ടുതരുന്നതായി പ്രഖ്യാപിച്ചു. രാമപുരം പഞ്ചായത്ത് മെമ്പർ ജീനസ് നാഥ്, കുറിഞ്ഞി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മാനേജർ രമേശ് കുഴികണ്ടത്തിൽ, കുറിഞ്ഞി ശ്രീകൃഷ്ണ വിലാസം യു.പി. സ്‌കൂൾ മാനേജർ ജി. രഘുനാഥ് തുടങ്ങിയവർ ഗീത ടീച്ചറുടേയും പി.ടി.എയുടേയും പ്രവർത്തിയെ അഭിനന്ദിച്ചു.
---
കുറിഞ്ഞി ഗവ. എൽ. പി. സ്‌കൂളിലെ ഗീത ടീച്ചറും അമ്മമാരും ചേർന്ന് സ്‌കൂളിനോടു ചേർന്നുള്ള സ്ഥലത്തെ കാട് വെട്ടിത്തെളിക്കുന്നു