sarama

കോട്ടയം: ഫോൺ ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മദ്ധ്യവയസ്കൻ ഭാര്യയെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം സ്വന്തം വൃഷണം മുറിച്ചെടുത്ത് വലിച്ചെറിഞ്ഞു. മീനടം കങ്ങഴക്കുന്നു മാളികപ്പടി കണ്ണൊഴുക്കത്ത് വീട്ടിൽ ജോയി തോമസ് (52) ആണ് ഭാര്യ സാറാമ്മയെ (എൽസി -52) വെട്ടിക്കൊന്നത്. അവശനിലയിലായ ജോയിയെ മെഡിക്കൽ കോളേ‌ജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ മീനടം കങ്ങഴക്കുന്ന് മാളികപ്പടിയിലായിരുന്നു സംഭവം.

പാമ്പാടിയിലെ ഒരു അച്ചാറു കമ്പനിയിലെ ജീവനക്കാരിയാണ് സാറാമ്മ. ഇന്നലെ ജോലിക്കു പോയിരുന്നില്ല. മൂന്നു ദിവസമായി സാറാമ്മയ്‌ക്ക് വരുന്ന ഫോൺകാളുകൾ എടുക്കരുതെന്ന് ജോയി നിർദ്ദേശിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ജോയി ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോൾ സാറാമ്മയുടെ ഫോൺ ബെല്ലടിച്ചു. ഓടിയെത്തിയ ജോയി ഫോൺ വിളിക്കുന്നത് ആരാണെന്ന് ചോദിച്ച് തർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിനിടെയാണ് അടുക്കളയിലിരുന്ന കോടാലി എടുത്ത്‌ സാറാമ്മയെ വെട്ടിയത്. വെട്ടേറ്റു വീണ സാറാമ്മ അലറിക്കരയുന്നത് കേട്ട് അയൽവാസികൾ ഓടിയെത്തി. കോടാലി വീശി നാട്ടുകാരെ ഭീഷണിപ്പെടുത്തിയ ജോയി വീണ്ടും സാറാമ്മയെ വെട്ടി. തുടർന്ന് സ്വന്തം വൃഷണം കത്തി ഉപയോഗിച്ച് മുറിച്ചെടുത്ത് വലിച്ചെറിയുകയായിരുന്നു.

രക്തത്തിൽ കുളിച്ചുകിടന്ന സാറാമ്മയുടെ പുറത്ത് കത്തിയുമായി കയറി കിടന്ന ജോയിയെ മാറ്റുന്നതിനായി നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരമറിഞ്ഞെത്തിയ പൊലീസിനെയും ജോയി ആക്രമിക്കാൻ ശ്രമിച്ചു. ചിത്രം എടുക്കുന്നതുപോലെ കാട്ടി പൊലീസ് ഇയാളുടെ ശ്രദ്ധ തിരിച്ചു. ഇതിനിടെ നാട്ടുകാർ പിന്നിലൂടെ എത്തി കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് ബലം പ്രയോഗിച്ച് ജോയിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സാറാമ്മയുടെ മൃതദേഹം ഇൻക്വസ്റ്റിനുശേഷം മോർച്ചറിയിലേക്ക് മാറ്റി. കൃഷിപ്പണിക്കരനായ ജോയി മദ്യലഹരിയിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. എറണാകുളത്ത് ലാബ് ടെക്‌നിഷ്യനായ നീതു സാറാ ജോയിയും പ്ലസ്ടു വിദ്യാർത്ഥിനി നിത്യ മരിയ ജോയിയും മക്കളാണ്.