കോട്ടയം : വേനൽക്കാലത്തിനു മുൻപ് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ജലഅതോറിറ്റിയുടെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് ജില്ലാ വികസന സമിതി തീരുമാനിച്ചു. അതോറിറ്റിയുടെ സംവിധാനങ്ങൾ പൂർണമായും സജ്ജമാക്കുന്നതിന് സമയബന്ധിത നടപടി വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു.
വാൽവുകളുടെ കേടുപാടുകൾ പരിഹരിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മുൻകൂട്ടി പൂർത്തീകരിച്ചില്ലെങ്കിൽ വേനൽക്കാലത്ത് സ്ഥിതി സങ്കീർണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വേനൽക്കാലത്തിനു മുൻപ് പടിഞ്ഞാറൻ മേഖലയിലേക്കുള്ള കുടിവെള്ള വിതരണം സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ജലഅതോറിറ്റി അറിയിച്ചു.
കോട്ടയം നഗരത്തിലെ വട്ടമൂട് പാലം, എലിപ്പുലിക്കാട്ട് റോഡ്, പള്ളം-പുതുപ്പള്ളി റോഡ്, അയ്മനം-ഇറഞ്ഞാൽ റോഡ്, നബാർഡ് കവലമന്ദിരം കവല റോഡ്, പനച്ചിക്കാട് റോഡ് എന്നിവയുടെ പുനരുദ്ധാരണം പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ജില്ലയിലെ സ്‌കൂൾ പരിസരങ്ങളിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളുണ്ടെങ്കിൽ അവ തെളിക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നടപടി വേണമെന്ന് ഡോ.എൻ. ജയരാജ് എം.എൽ.എ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സ്‌കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പി.ടി.എയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപടി സ്വീകരിച്ചതായും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. പൊൻകുന്നം സബ് ട്രഷറി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്ന നടപടി ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ഡോ. എൻ. ജയരാജിനെ ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു. നെടുംകുന്നം പഞ്ചായത്തിലെ മുണ്ടുമല കോളനിയിൽ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സാധ്യതാ റിപ്പോർട്ടും സോഷ്യൽ മാപ്പും തയ്യാറായതായും പദ്ധതിക്കായി 50 ലക്ഷം രൂപ അനുവദിക്കപ്പെട്ടതായും ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.
പഴയിടം കോസ് വേ പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഡിസംബർ പകുതിയോടെ പൂർത്തിയാക്കും.