ചങ്ങനാശേരി: ഇത്തിത്താനം പ്രദേശത്തെ നടുക്കി ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണം. പൊൻപുഴ പാലമൂട് മുല്ലശ്ശേരി വീട്ടിൽ രാജപ്പൻ നായർ (തങ്കപ്പൻ - 70), ഭാര്യ സരസമ്മ (65), മകൻ രാജീവ് (രാജി - 36) എന്നിവരാണ് മരിച്ചത്. സംഭവം അറിഞ്ഞ് പാലമൂട് ഭാഗത്തെ മുല്ലശ്ശേരി വീട്ടിലേക്ക് നാട്ടുകാർ കൂട്ടം കൂടി. ഞെട്ടൽ മാറാതെ നാട്ടുകാരും ബന്ധുക്കളും. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മൂത്ത മകനോടും നാട്ടുകാരോടും സഹകരണമില്ലാതെയാണ് രാജപ്പന്റെ കുടുംബം കഴിഞ്ഞിരുന്നത്. സംഭവ ദിവസം രാത്രി 7.30 വരെ രാജപ്പനും സരസമ്മയും വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുന്നത് കണ്ടതായി നാട്ടുകാരും മൂത്തമകൻ രാജേഷും പറഞ്ഞു. 10.15 ഓടെ വീട്ടു മുറ്റത്തു നിൽക്കുമ്പോൾ രാജീവ് വീടിന്റെ വാതിൽ അടയ്ക്കുന്നതാണ് അവസാനമായി കേട്ടതെന്നും രാജേഷ് പറഞ്ഞു. 10.30 ഓടെ ഇവർ ഉറങ്ങാൻ കിടന്നു. പുലർച്ചെ അയൽവാസിയായ വീട്ടമ്മ വന്നു വിളിക്കുമ്പോഴാണ് സംഭവം അറിഞ്ഞതെന്നു രാജേഷ് പറഞ്ഞു. രണ്ടു വർഷം മുമ്പാണ് രാജേഷ് കുടുംബത്തോട് ചേർന്നു വീടു വച്ചു താമസം തുടങ്ങിയത്. അച്ഛനും അമ്മയും മൂത്തമകന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നില്ല. നാട്ടുകാരോട് വലിയ സഹകരണം ഇല്ലായിരുന്നുവെങ്കിലും ആരോടും രാജീവ് മോശമായുള്ള പെരുമാറ്റമോ ദുസ്വഭാവങ്ങളോ ഇല്ലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.