അധികാരത്തിൻപടി
ഇറങ്ങി ഇറങ്ങിവ-
ന്നൊരുനാൾ എൻ ഗേഹത്തി-
ന്നരികിൽ ഗമിക്കുന്ന
ഗ്രാമവീഥിയിലെത്തേ
ദീർഘനിശ്വാസംചെയ്യും
ഞാനെനിയ്ക്കൊരു ഭാര-
ഭാണ്ഡവുംതോളിൽചാർത്തി
താഴേക്കുഗമിച്ചിലാ !
ആശ്വാസനിശ്വാസങ്ങൾ
ഉതിരും എൻ നാസിക
പൂർണ്ണമായ് വിടരുംജ്ഞാ-
നോദയം എനിക്കുണ്ടാം !
ഭാരത്തിൽജ്ഞാനം ! കർമ്മ-
കാണ്ഡത്തിൻ ജ്ഞാനം !ദയാ-
വായ്പിനാൽ സരണിയെ
കുളിപ്പിച്ചതിൻ ജ്ഞാനം !
ഭാരങ്ങൾ അകറ്റുവാൻ
കഴിഞ്ഞോ ? ജനലക്ഷ-
ലോകമങ്ങകതാരിൽ
എന്നെ സ്നേഹിച്ചോ ആവോ ?
മോഹിച്ചോ എന്നേയവർ
ഒപ്പമായ് നടക്കുവാൻ
ദാഹമുണ്ടായോ അവ-
ർക്കെന്റെ സാന്ത്വനം കേൾക്കാൻ !
ഭാരമില്ലൊട്ടുംതന്നെ
ഗ്രാമവീഥിയിൽ എന്റെ
നാടതിൽ മക്കൾക്കൊപ്പം
നടന്നു നീങ്ങീടുമ്പോൾ !
കൊട്ടുവേണ്ടിടിമിന്നൽ
ക്കെട്ടു കാഴ്ചകൾ വേണ്ടാ
പുഷ്പഹാരങ്ങൾ വേണ്ടാ
ആന വേണ്ടമ്പാരിയും !
അത്രയൊന്നുമേ ചെയ്യാൻ
കഴിഞ്ഞീലെനിയ്ക്കെങ്കിൽ
ഒട്ടുകാര്യങ്ങൾ ചെയ്യാൻ
കഴിഞ്ഞതതിശയം !
നാലുദിക്കിലും നിന്നു
കയറാൽ വ്യവസ്ഥതൻ
കാവലാളന്മാർകെട്ടി-
വലിയ്ക്കേ ശ്വാസം പിടി-
ച്ചന്നുമാരുതിചെയ്ത
കണക്കേ പാശക്കെട്ടി-
ന്നിറക്കം തെല്ലൊന്നയ-
ച്ചാശ്വാസ ശ്വാസം പോക്കി
മുന്നിലായ്കാണും ജനാ-
വലിതൻ കരങ്ങളിൽ
പൊന്നുപോൽ പലപല
കാര്യങ്ങൾ സമർപ്പിയ്ക്കേ
ആമോദമുണ്ടാവില്ലേ
ആവേശമുണ്ടാകില്ലേ ?
ഗ്രാമത്തിൻ ചെറുപാത
താണ്ടുവാൻ മോഹിക്കില്ലേ ?
ഇവിടെക്കഴിഞ്ഞിടാൻ
കൊതി ഊറുകയില്ലേ ?
കർമ്മബുദ്ധനായ്ചുറ്റി-
ത്തിരിയാൽ നിനയ്ക്കില്ലേ ?
അധികാരത്തിൻ നന്മ-
കടഞ്ഞങ്ങെടുക്കണം
അമൃതുകടയുമ്പോൽ
കടഞ്ഞങ്ങെടുക്കണം
അധികാരത്തിൻ സുഖം
അറിയാതലയുവാൻ
മനസോസുഷുപ്തിയി-
ലമരാൻ പശ്ചാത്താപ
രഹിതം ജീവിച്ചീടാൻ
അധികാരത്തിൻ വിഷം
കടഞ്ഞുകളയണം
ഊഴിയിൽ സഖാക്കൾതൻ
തോളിലായ്കരമർപ്പി-
ച്ചലയാൻ ജന മഹാ-
സാഗരമതിലുപ്പായ്
അലിയാൻ കഴിയണം.
(കവി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്)