നിങ്ങൾ സ്രഷ്ടാവിനെ സ്നേഹിക്കുന്നു, നിങ്ങൾ അദ്ദേഹത്തെ പരമോന്നതിയിൽ ഉയർത്തിപ്പിടിക്കുന്നു, നിങ്ങൾ അദ്ദേഹത്തെ സൃഷ്ടിക്കും മുകളിലായി കാണുന്നു. സ്രഷ്ടാവിനെ കാണുകയും, അദ്ദേഹത്തിന്റെ കൂടെയായിരിക്കുന്നതും പരമോന്നത അനുഭവമായിരിക്കും. പക്ഷേ അദ്ദേഹത്തിൽ നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ നിങ്ങൾ സംസാരിക്കുന്നത് പ്രപഞ്ചത്തെപ്പറ്റിയും, മനസില്ലാതിരിക്കുന്ന അവസ്ഥയെപ്പറ്റിയും മറ്റുമായിരിക്കും. വിശ്വാസമില്ലാതാവുന്ന നിമിഷം മുതൽ വിഷയമാകെ വളരെ ഗുരുതരമായിത്തീരും. പിന്നെ നിങ്ങൾക്ക് തലമുടിയെ പിളർത്തുന്നത് പോലയുള്ള പ്രവർത്തനങ്ങൾ ചെയ്യേണ്ടി വരും.
വിശ്വാസമെന്നാൽ പരിധികളില്ലാത്ത സ്നേഹമെന്നാണ്. ഇതേത് തരത്തിലുള്ള സ്നേഹമാണെന്ന് വച്ചാൽ മറുഭാഗം പ്രതികരിക്കേണ്ട ആവശ്യമില്ല. നിങ്ങളങ്ങനെ സ്നേഹിച്ചുകൊണ്ടിരിക്കും. നിങ്ങൾ സ്കൂളിലോ കോളേജിലോ പഠിച്ചിരുന്നപ്പോൾ, നിങ്ങളിങ്ങനെ സ്നേഹിച്ചിട്ടുണ്ടാവാം. മറുഭാഗം പ്രതികരിക്കാതിരുന്നിട്ടും നിങ്ങളങ്ങനെ
തുടർന്നു കൊണ്ടിരുന്നു.
ഒരിക്കലൊരു ചെറുപ്പക്കാരൻ തന്റെ പ്രൊഫസറുടെ അടുക്കൽ പോയി പറഞ്ഞു,
'എനിക്ക് അങ്ങയുടെ സഹായം വേണം.'
പ്രൊഫസർ പറഞ്ഞു : 'തീർച്ചയായും, ഞാൻ നിങ്ങളെ സഹായിക്കാനാണ് വന്നിരിക്കുന്നത്. '
ചെറുപ്പക്കാരൻ പറഞ്ഞു, 'ഇത് വിദ്യാഭ്യാസത്തെ സംബന്ധിച്ച കാര്യമല്ല,മറ്റൊരു വിഷയമാണ് '
പ്രൊഫസർ പറഞ്ഞു : 'പറയൂ'
ചെറുപ്പക്കാരൻ കോളേജ് സുന്ദരിയുടെ പേര് പറഞ്ഞ് കൊടുത്തിട്ട് പറഞ്ഞു, 'ഞാനവളോട് അഗാധമായ
പ്രണയത്തിലാണെന്ന് മാത്രമല്ല 50 ശതമാനം വിജയവും കാണുന്നു. ശേഷിക്കുന്ന 50 ശതമാനത്തിനായി അങ്ങ് സഹായിച്ചേ മതിയാകൂ.'
പ്രൊഫസർ ചോദിച്ചു : '50 ശതമാനം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ? '
ചെറുപ്പക്കാരൻ തുടർന്നു, 'അത് എന്താണെന്നുവച്ചാൽ ഞാനവളെ ഭ്രാന്തമായി സ്നേഹിക്കുന്നുണ്ടെങ്കിലും അവളിതുവരെ പ്രതികരിച്ചിട്ടില്ല!'
മറുഭാഗം പ്രതികരിക്കണമെന്നുപോലും പ്രതീക്ഷിക്കാത്തത്രയും തന്നിലെ സ്നേഹം തുടർന്നു കൊണ്ടിരിക്കാൻ തക്കവണ്ണം ഒരാൾക്ക് പ്രണയിക്കാമെങ്കിൽ, അതിൽ കുഴപ്പമൊന്നുമില്ല. ദൈവം പ്രതികരിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല. അദ്ദേഹം അവിടെയുണ്ടെന്ന വിശ്വാസം നിങ്ങളിലുണ്ട്. നമ്മൾ എപ്പോഴും അടുത്തില്ലാത്തവരെ സ്നേഹിക്കുന്നു. പലരെ സംബന്ധിച്ചിടത്തോളവും ഇങ്ങനെയാണ്, അവർ മരിച്ചവരെ സ്നേഹിക്കുന്നു, ഇവിടെ അടുത്തില്ലാതാവുമ്പോൾ. അവർ ജീവിച്ചിരുന്നപ്പോൾ, അവരുടെ മുഖത്ത് നോക്കാൻ പോലും നിങ്ങൾ മടിച്ചു, അവരോട് മിണ്ടാനും തയ്യാറായില്ല, പക്ഷേ മരണശേഷം നിങ്ങളവരെ സ്നേഹിക്കുന്നു. നിങ്ങളെപ്പോഴും അടുത്തില്ലാത്തവരെ സ്നേഹിക്കുന്നു, അതുപോലെ തന്നെയാണ് ദൈവവും. അദ്ദേഹം നിങ്ങളുടെ അടുത്തുണ്ടായിരുന്നെങ്കിൽ, നിങ്ങൾക്ക് അദ്ദേഹത്തോടൊപ്പം ഭക്ഷണം പങ്കിടേണ്ടിയിരുന്നുവെങ്കിൽ, നിങ്ങൾക്ക് അദ്ദേഹത്തോടൊപ്പം ജീവിതം പങ്കിടേണ്ടിയിരുന്നുവെങ്കിൽ, നിങ്ങൾക്ക്
വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു; പക്ഷേ ഇപ്പോൾ അദ്ദേഹം ഇവിടെയില്ലാത്തത് കൊണ്ട്, കുറഞ്ഞത്, നിങ്ങളുടെ അനുഭവത്തിലെങ്കിലും, അദ്ദേഹത്തെ സ്നേഹിക്കാൻ എളുപ്പമാണ്. സ്നേഹമെന്നാൽ ആഹ്ലാദമൊന്നുമല്ല, അത് അഗാധവും മനോഹരവുമായ വേദനയാണ്. നിങ്ങളിലുള്ള എന്തെങ്കിലും വെടിയണം. വെറും എന്തെങ്കിലുമല്ല, നിങ്ങളിലുള്ളതെല്ലാം വെടിയണം. എങ്കിൽ മാത്രമേ സ്നേഹമെന്താണെന്ന് നിങ്ങളറിയൂ. നിങ്ങൾക്കത് സുഖകരമായി അനുഭവപ്പെട്ടാലത് സ്നേഹമല്ല, അത് വെറും സൗകര്യമാണ്.