red-176

അലിയാർക്കും സുകേശിനും ആവേശവും ഉദ്വേഗവും വർദ്ധിച്ചു.

അവർ ഒരുവശത്തേക്കു മാറിനിന്നു കമ്പിപ്പാരകളുടെ അറ്റം സ്ളാബിനടിയിലേക്ക് കുത്തിക്കയറ്റി. അത് ഒരുവശത്തേക്കു നീക്കി.

നൂറ്റാണ്ടുകൾക്കു മുമ്പ് ബന്ധിച്ച ശിലകൾ എന്നവണ്ണം നിരങ്ങി നീങ്ങുന്ന ശബ്ദമുണ്ടായി.

ഇരുവരും ആകാംക്ഷയോടെ കല്ലറയ്ക്കുള്ളിലേക്കു നോക്കി. ഹെഡ്‌ലൈറ്റുകളുടെ വെളിച്ചം അതിനുള്ളിൽ തിളങ്ങി.

എന്നാൽ...

അതിനുള്ളിൽ ശവശരീരത്തിന്റെ യാതൊരംശവും ഉണ്ടായിരുന്നില്ല.

പെട്ടെന്ന് തിളങ്ങുന്ന എന്തിലോ വെളിച്ചം പതിഞ്ഞു.

''ങ്‌ഹേ?"

അലിയാർ അത് കുനിഞ്ഞെടുത്തു. അതിൽ നിന്ന് നൂറുകണക്കിനു വെളിച്ചത്തിന്റെ പ്രതിഫലനം ഉണ്ടായി. പച്ച... ചുവപ്പ്...

''ഇത് അമൂല്യമായ രത്നമാണ്."

പറഞ്ഞുകൊണ്ട് അയാൾ ആ രത്നം കർച്ചീഫിൽ പൊതിഞ്ഞ് പോക്കറ്റിൽ വച്ചു. ശേഷം സുകേശിനു നേർക്കു നോട്ടമയച്ചു.

''ഈ കല്ലറയിൽ മൃതദേഹം ഉണ്ടായിരുന്നതിന്റെ യാതൊരു ലക്ഷണവും ഇല്ലാതിരിക്കുകയും രത്നം ലഭിക്കുകയും ചെയ്തതിൽ നിന്ന് എന്തു മനസ്സിലാക്കാൻ കഴിയുന്നു സുകേശേ?"

സുകേശിന്റെ മുഖത്തൊരു പുഞ്ചിരി മിന്നി.

''ഇതിൽ മൃതദേഹത്തിനു പകരം രത്നങ്ങളായിരുന്നു സാർ ഉണ്ടായിരുന്നത്. എപ്പോഴോ പക്ഷേ, ആരോ അത് കൊള്ളയടിച്ചു."

''യൂവാർ കറക്ട്."

അലിയാർ സമ്മതിച്ചു.

''പക്ഷേ ആര്?"

''ഈ നിലവറയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവർ ആരോ... ഒരുപക്ഷേ എം.എൽ.എ ശ്രീനിവാസകിടാവ്. അതുകൊണ്ടാവാം അയാൾക്ക് കോവിലകം വാങ്ങുവാൻ അമിത താൽപ്പര്യം ഉണ്ടായിരുന്നത്."

''തന്റെ ഐഡിയ പോസിബിൾ ആവാം. എങ്കിലും. നമ്മൾ എല്ലാ വശങ്ങളും ചിന്തിക്കണം. കിടാവ് അല്ലെങ്കിൽ പിന്നെ ആർക്കാണു സാദ്ധ്യത?"

സുകേശ് തല കുടഞ്ഞു.

''അങ്ങനെ സംശയിക്കുവാൻ ഒരു മുഖമോ ഒരു പേരോ ഇപ്പോൾ നമ്മുടെ മുന്നിലില്ലല്ലോ സാർ."

''ഇല്ല. എന്നാൽ നമ്മൾ അങ്ങനെ ഒരാളെ കണ്ടെത്തേണ്ടിയിരിക്കുന്നു. പിന്നിൽ നിന്നു കരുക്കൾ നീക്കിക്കൊണ്ടിരിക്കുന്ന ഒരാൾ! അതേകാരണം കൊണ്ടുതന്നെയാവാം അയാൾ കോവിലകത്ത് പ്രേതം എന്ന മറ സൃഷ്ടിക്കുന്നതെങ്കിലോ?"

''അതിനും നൂറാണു സാർ സാദ്ധ്യത. ങ്‌ഹാ.. ബാക്കി കല്ലറകൾ തുറക്കണോ സാർ? ജിയോളജി വകുപ്പിന് താൽപ്പര്യമുള്ള കേസാകും ഇത്. അവസാനം നമ്മൾ രത്നങ്ങൾ മോഷ്ടിച്ചെടുത്തു എന്നുള്ള പഴിയുണ്ടാകുമോ?"

അലിയാർ സമ്മതിച്ചു.

''അതിനു സാദ്ധ്യതയുണ്ട്. പോരെങ്കിൽ ഇവിടുത്തെ മോഷ്ടാവ് പ്രബലനായിരിക്കാം. നമുക്കൊക്കെ അറിയാവുന്ന ആളും ആണെന്നിരിക്കും. അയാൾ നമുക്കെതിരെ കരുക്കൾ നീക്കിയെന്നുമിരിക്കും. അതുകൊണ്ട് ആദ്യം നമ്മൾ കണ്ടുപിടിക്കേണ്ടത് അയാളെയാണ്. അയാളുടെ നാവിൽ നിന്നുതന്നെ എല്ലാം പുറം ലോകം അറിയണം."

ആരെയോ മനസ്സിൽ കണ്ടുകൊണ്ടാണ് അലിയാർ അങ്ങനെ സംസാരിക്കുന്നതെന്ന് സുകേശിനു തോന്നി. പക്ഷേ തിരക്കിയില്ല.

''തൽക്കാലം നമ്മളുടെ മനസ്സിലിരിക്കണം ഈ രഹസ്യം. ആദ്യം ഈ ഡയമണ്ടിന്റെ മൂല്യം അറിയണം."

അലിയാർ പാന്റിന്റെ പോക്കറ്റിനു മീതെ ഒന്നു വിരലോടിച്ചു.

അടുത്ത ദിവസം, മായാർ

ബ്രോക്കർ മുനിയാണ്ടി ഏർപ്പാടു ചെയ്ത കാറിൽ ചന്ദ്രകലയും പ്രജീഷും മൈസൂറിനു പോയി.

നേരത്തെ ഏർപ്പാടു ചെയ്തിരുന്ന റെയ്‌ഞ്ച് റോവർ കാർ വാങ്ങുവാൻ.

റെഡി ക്യാഷ് കൊടുക്കാനായിരുന്നു തീരുമാനം.

അത്രയും പണം എവിടെനിന്നാണെന്ന് അന്വേഷണം ഉണ്ടായാൽ ഭൂമിവിൽപ്പന എന്ന 'സോഴ്സ്" കാണിക്കാനായിരുന്നു ചന്ദ്രകലയുടെ തീരുമാനം.

ഷോറൂമിൽ നൽകേണ്ട ഫോമുകൾ ഫില്ലുചെയ്ത് അവർ ഒപ്പിട്ടു. ശേഷം ഷോറൂം ക്യാഷ് കൗണ്ടറിൽ പണം അടയ്ക്കുവാൻ പോയി.

എണ്ണി തിട്ടപ്പെടുത്തിയ രണ്ടായിരത്തിന്റെ നോട്ടുകെട്ടുകൾ ചന്ദ്രകല കിളിവാതിലിലൂടെ ക്യാഷ്യറുടെ മുന്നിലേക്കു വച്ചു.

മെഷീനിലേക്കു പണം വച്ചതും ക്യാഷ്യറുടെ കണ്ണുകൾ കുറുകി.

''മേഡം. വൺ മിനുട്ട്."

കൗണ്ടറിൽ ചന്ദ്രകല എടുത്തുവച്ച മറ്റൊരു കെട്ട് നോട്ട് കൂടി എടുത്തു മറിച്ചുനോക്കി ക്യാഷ് കൗണ്ടറിൽ ഇരുന്ന സുന്ദരിയായ യുവതി.

''മേഡം. ഒരു നിമിഷം നിൽക്കണേ..." പറഞ്ഞിട്ട് അവൾ കൗണ്ടറിൽ ഇരുന്ന പണം അത്രയും തന്റെ മുന്നിലെ മേശപ്പുറത്തേക്ക് ഇറക്കിവച്ചു പൂട്ടി.

ശേഷം ഒരുകെട്ട് നോട്ടുമായി മാനേജരുടെ റൂമിലേക്കു പോയി.

ഒരു മിനിട്ടു കഴിഞ്ഞ് തിരിച്ചുവന്ന യുവതി, മാനേജർ അവരെ കാണാനാഗ്രഹിക്കുന്നു എന്നറിയിച്ചു.

പ്രജീഷും ചന്ദ്രകലയും മാനേജരുടെ ക്യാബിനിലേക്കു ചെന്നു.

തലയിൽ മുക്കാൽ ഭാഗത്തോളം കഷണ്ടി കയറിയ ആളായിരുന്നു മാനേജർ.

അയാൾ ഇരുവരെയും മാറി മാറി നോക്കിയിട്ടു പറഞ്ഞു.

''ഇരിക്കൂ..."

ചന്ദ്രകലയും പ്രജീഷും മാനേജർക്ക് എതിരെയിരുന്നു.

''നിങ്ങൾ ഫുൾ പേമെന്റ് അടയ്ക്കാൻ വന്നതുകൊണ്ട് ഒന്നു കാണണമെന്നു തോന്നി. ജി.എസ്.ടിയുടെ കാലമാണല്ലോ... ഇത്രയും പണം നിങ്ങൾക്ക് എവിടെ നിന്നു കിട്ടി?"

മറുപടി പറഞ്ഞത് ചന്ദ്രകലയാണ്.

''സാർ... എന്റെ പേരിലുള്ള കോവിലകം വിൽക്കാൻ കരാറായപ്പോൾ കിട്ടിയ അഡ്വാൻസാണ്."

''ഐ.സീ..." മാനേജർ തല കുലുക്കിക്കൊണ്ട് ഗ്ളാസ് ക്യാബിനിലൂടെ പുറത്തേക്കു നോക്കി. അവിടെ ഒരു പോലീസ് വാഹനം വന്നുനിൽക്കുന്നതു കണ്ടു.

(തുടരും)