കൊല്ലം: ഇന്ത്യൻ ഓയിൽ കോർപറേഷൻ കഴിഞ്ഞ സാമ്പത്തിക വർഷം 4.8 ലക്ഷം ടൺ എൽ.പി.ജി സിലിണ്ടറുകൾ കേരളത്തിൽ വിറ്റഴിച്ചതായി ഐ.ഒ.സി കേരള ചീഫ് ജനറൽ മാനേജർ വി.സി.അശോകൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 5 ലക്ഷം ടണ്ണാണ് നടപ്പുവർഷത്തെ ലക്ഷ്യം. മൂന്ന് വർഷത്തിനുള്ളിൽ റീട്ടെയിൽ ഔട്ട്‌ലെറ്റ് വിപുലീകരണത്തിനായി 500 കോടി രൂപ നിക്ഷേപിക്കും.

ഇന്റഗ്രേറ്റഡ് എൽ.എൻ.ജി തിരുവനന്തപുരം ആനയറയിൽ ഉടൻ ആരംഭിക്കും.

52 ലക്ഷത്തോളം ഉപഭോക്താക്കൾ ഇൻഡേൻ എൽ.പി.ജിക്ക് കേരളത്തിലുണ്ട്. വിഷൻ റീഡർ ഫയർ എൻജിൻ, കൊല്ലം പാരിപ്പള്ളിയിൽ മൂന്നുമാസത്തിനകം ആരംഭിക്കുന്ന 425 കിലോയുടെ സിലിണ്ടർ ഫില്ലിംഗ് സിസ്റ്റം, കൊച്ചി ബോട്ടിലിംഗ് പ്ലാന്റിലെ ഓട്ടോമേറ്റഡ് ട്രക്ക് ലോഡിംഗ് തുടങ്ങിയ പദ്ധതികൾക്കായി 30.34 കോടി രൂപയും കൊല്ലം പാരിപ്പള്ളി പ്ലാന്റിലെ ഷെഡ് വികസനം, കൊച്ചി പ്ലാന്റിലെ ‍ഡീ–ബോട്ടിലിംഗ് നെക്കിംഗ്, കൊച്ചി പ്ലാന്റിലെ 180 കെ.വി സോളർ കാർ പോർട്ട്, 750 കെ.വി സോളർ ഫാം എന്നിവയ്‌ക്കായി 47.81 കോടി രൂപയും മാറ്റി വച്ചിട്ടുണ്ട്. നടപ്പുവർഷം ഐ.ഒ.സിയുടെ 912 റീട്ടെ‌യിൽ ഔട്ട്‌ലറ്റുകളും പൂർണമായി ഓട്ടോമേറ്റഡ് ആക്കും.
എൽ.പി.ജിക്ക് പുറമേ സംസ്ഥാനത്തെ ആദ്യ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ ഇടപ്പള്ളിയിൽ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. എൽ.പി.ജി വിഭാഗം ജനറൽ മാനേജർ സി.എൻ.രാജേന്ദ്രകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ ടി.ഡി.സാബു, സതേൺ റീജിയൺ ജനറൽ മാനേജർ ആർ. ചിദംബരം, കൊല്ലം ബോട്ടിലിംഗ് പ്ലാന്റ് ഡെപ്യൂട്ടി ജനറൽ മാനേജർ രവിഗോവിന്ദൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.