മലയാള സിനിമാ പ്രേക്ഷകർ ആകാശഗംഗയെ മറന്നിട്ടുണ്ടാകില്ല. ഇരുപത് വർഷങ്ങൾക്ക് മുൻപ് വിനയന്റെ സംവിധാനത്തിലിറങ്ങിയ ആകാശഗംഗ തിയേറ്ററുകളിൽ തരംഗമായിരുന്നു. മലയാളത്തിലെ ഹൊറർ സിനിമകളിലെ സൂപ്പർതാരമാണ് ഈ ചിത്രം. കാലമിത്രയും കഴിഞ്ഞിട്ടും ആകാശഗംഗ ടീവിയിലും മറ്റുമായി ഒട്ടേറെ തവണ പ്രേക്ഷകർ കാണുന്നു. അത് തന്നെയാവണം ചിത്രത്തിന് രണ്ടാം ഭാഗവുമായി വരാൻ വിനയന് പ്രചോദനമായതും. രണ്ട് പതിറ്റാണ്ടിന് ശേഷം വരുന്ന രണ്ടാം ഭാഗത്തിന് കെട്ടിലും മട്ടിലും കാലത്തിനൊത്ത് മാറേണ്ടതുണ്ട്. മാണിക്കശ്ശേരി കോവിലകത്തെ ദാസിപ്പെണ്ണ് പ്രതികാരദാഹിയായ ദുരാത്മാവായ കഥ പറഞ്ഞ ആദ്യ ഭാഗത്തിൽ നിന്ന് കാലങ്ങൾക്കിപ്പുറമിറങ്ങുന്ന രണ്ടാം ഭാഗത്തിൽ എത്തുമ്പോൾ പ്രേക്ഷകനെ പേടിപ്പിക്കാൻ വിനയൻ മനസറിഞ്ഞൊരു ശ്രമം നടത്തിയിട്ടുണ്ട്.
മായയുടെ ശരീരത്തിൽ കുടിയേറിയ ഗംഗയുടെ ദുരാത്മാവിനെ മേപ്പാടൻ പ്രത്യേക കർമ്മം ചെയ്ത് മാറ്റിയതിൽ നിന്ന് ഇരുപത് വർഷങ്ങൾക്ക് ശേഷം നടക്കുന്ന കഥയാണ് ചിത്രത്തിൽ. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളിൽ ഭൂരിഭാഗവും രണ്ടാം ഭാഗത്തിൽ മരണപ്പെട്ടതായാണ് കാണിക്കുന്നത്. തന്റെ കുഞ്ഞിന്റെ പ്രസവത്തോടെ മായയും മരണപ്പെടുന്നു. തുടർന്നുള്ള വർഷങ്ങളിൽ അമ്മ തമ്പുരാട്ടിയെയും കുടുംബത്തിലെ മറ്റുള്ളവരെയും കാത്തിരുന്നതും ദുർമരണമാണ്. എന്നെന്നേക്കുമായി മാണിക്കശ്ശേരി വിട്ടു പോയി എന്ന് കരുതിയ ചുടലയക്ഷിയുടെ ചെയ്തികളാണിത് എന്നറിഞ്ഞ് മേപ്പാടൻ യക്ഷിയെ തളച്ച് തറവാടിലെ ക്ഷേത്രത്തിൽ കുടിയിരുത്തുന്നു. കാലങ്ങൾക്കിപ്പുറം മാണിക്കശ്ശരിയിൽ ഉണ്ണി വർമ്മയും മകൾ ആരതിയും ഓപ്പോളും ഏതാനും പണിക്കാരും മാത്രമാണുള്ളത്. അനിഷ്ടങ്ങൾ ഒരുപാട് നടന്ന തറവാട്ടിൽ ജനിച്ചിട്ടും ആരതി ഒരു വിപ്ളവകാരിയാണ്. പ്രേതത്തിൽ എന്നല്ല ദൈവത്തിൽ പോലും വിശ്വാസമില്ല. മെഡിക്കൽ വിദ്യാർത്ഥിയായ അവൾക്ക് ഉറ്റസുഹൃത്തുക്കളായ മൂവർ സംഘമുണ്ട്. അതിലൊരാളുമായി ആരതി ഇഷ്ടത്തിലാണ്. അങ്ങനെയിരിക്കെ ആത്മാക്കളുമായി സംസാരിക്കാൻ കഴിയുന്ന ഒരിടമുണ്ട് എന്ന് സുഹൃത്തുക്കളിലൊരാൾ ആരതിയോട് പറയുന്നു. വിശ്വാസമില്ലെങ്കിൽ കൂടി ഒന്ന് പരീക്ഷിച്ച് നോക്കാനായി അവരെല്ലാം തയ്യാറാകുന്നു. അതിനായി ദുർമന്ത്രവാദിനിയായ സൗമിനി ദേവിയുടെ ആശ്രമത്തിൽ അവരെല്ലാം എത്തുന്നു. ആരതിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് മായയുടെ ആത്മാവ് അവളോട് സംസാരിക്കുന്നു. സംസാരത്തിനിടെ അമ്മ സൂചിപ്പിച്ച ഒരു വസ്തു തേടിപ്പോയ ആരതി മാണിക്കശ്ശേരിയുടെ പേടിസ്വപ്നമായ ഗംഗയുടെ ആത്മാവിനെ മോചിതയാക്കുന്നു. തീർന്നു എന്ന് വിചാരിച്ചയിടത്ത് നിന്ന് ശേഷിച്ചതും നശിപ്പിക്കാനായി ആകാശഗംഗ തിരിച്ചു വരുന്നു.
മുൻപ് രക്ഷിക്കാൻ മേപ്പാടൻ ഉണ്ടായിരുന്നെങ്കിൽ ഇന്ന് അദ്ദേഹം ജീവനോടയില്ല. തന്നെ ജീവനോടെ ചുട്ടുകൊന്ന കുടുംബത്തിലെ ബാക്കി സന്തതികളെയും നശിപ്പിക്കാൻ കലിതുള്ളി നിൽക്കുന്ന ആകാശഗംഗ കാലങ്ങൾ കൊണ്ട് പണ്ടത്തേക്കാളും കരുത്താർജിച്ചിരിക്കുന്നു. മാണിക്കശ്ശേരിയുമായി ബന്ധമുള്ളവരെല്ലാം പല രീതിയിൽ ഗംഗയുടെ വിശ്വരൂപം കാണാനിടയാകുന്നു. മേപ്പാടന് പോലും മുഴുവനായി തളയ്ക്കാനാകാത്ത് രക്തദാഹിയായ ആകാശഗംഗയിൽ നിന്ന് ഇവർക്കെല്ലാം രക്ഷയുണ്ടോ എന്നതാണ് ചിത്രത്തിന്റെ ബാക്കിപ്പത്രം.
നവാഗതയായ വീണാ നായരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ആരതിയെ അവതരിപ്പിച്ചിരിക്കുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധേയയായ രമ്യാ കൃഷ്ണൻ സൗമിനി ദേവി എന്ന കഥാപാത്രം നല്ല രീതിയിൽ അവതരിപ്പിച്ചു. വീണാ നായരുടെ നായകനായെത്തുന്നത് വിഷ്ണു വിനയനാണ്. ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, സെന്തിൽ കൃഷ്ണ, ധർമ്മജൻ ബോൾഗാട്ടി, സലീം കുമാർ, ഹരീഷ് കണാരൻ, റിയാസ്, ഹരീഷ് പേരടി, സുനിൽ സുഗദ, പ്രവീണ, തെസ്നി ഖാൻ, വത്സല മേനോൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ആദ്യ ഭാഗത്തിൽ യക്ഷിയായി വന്ന മയൂരിയുടെ രംഗങ്ങളും ചിത്രത്തിലുണ്ട്.
ആദ്യ ഭാഗത്തിൽ പ്രേക്ഷകനിൽ ഉദ്വേഗിപ്പിക്കുന്നതിലും പേടിപ്പിക്കുന്നതിലും വിനയൻ വിജയം കണ്ടതാണ്. ഹൊറർ സിനിമയാണെങ്കിൽ പോലും ആകാശഗംഗയിലെ കോമഡി സീനുകളും അന്ന് കൈയ്യടി നേടിയതാണ്. ആകാശഗംഗ 2 ൽ പണ്ടത്തെ അതേ ഫോർമുലയാണ് വിനയൻ ഉപയോഗിച്ചതെങ്കിലും നിലവാരം ആദ്യ ഭാഗത്തിന്റെ അടുത്ത് എത്തിയിട്ടില്ല. പേടിപ്പിക്കാനായി ചെയ്തിട്ടുള്ള രംഗങ്ങളിൽ പലതും നിലവാരമില്ലാത്ത വിഎഫ്എക്സിന്റെയും അലർച്ചയുടെയും അതിപ്രസരമാണ്. തമാശരംഗങ്ങളിൽ സെന്തിലിന്റെയും ധർമ്മജന്റേയും ചില രംഗങ്ങൾ ചിരിപ്പിക്കുന്നുണ്ട്. പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും ആകാശഗംഗയിൽ ഒരു തവണ കണ്ടിരിക്കാവുന്ന ഉള്ളടക്കമുണ്ട്.
ബിജിപാലും ബേണി ഇഗ്നേഷ്യസും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. പുതുമഴയായി വന്നു നീ എന്ന ഗാനം ഇപ്പോഴും ജനമനസ്സുകളിലുണ്ട്. ഈ ഗാനത്തിന്റെ റീമിക്സ് നന്നായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. പ്രകാശ് കുട്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
ആകാശഗംഗ എന്ന 1999ലെ ആദ്യ ചിത്രം വിനയന് നൽകിയ മൈലേജ് ചെറുതല്ല. ജനമനസ്സുകളിലിപ്പോഴുമുള്ള ചിത്രത്തിന്റെ രണ്ടാം ഭാഗമെടുക്കുമ്പോൾ ചെറുതായെങ്കിലും പാളിയാൽ വിമർശനങ്ങളുയരും എന്നത് തീർച്ചയാണ്. അനാവശ്യമായ രംഗങ്ങൾ മാറ്റിനിറുത്തിയാൽ പ്രേക്ഷകന് സാമാന്യം നല്ലൊരു അനുഭവും നൽകാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആകാശഗംഗയുടെ ആരാധകർക്ക് ചിത്രം കണ്ടു നോക്കാവുന്നതാണ്.
വാൽക്കഷണം: പുതുമഴയായി വന്നു നീ........
റേറ്റിംഗ്: 2.5/5