travancore-devaswom-board

തിരുവനന്തപുരം:ദേവസ്വംബോർഡുകളിലെ താത്കാലിക നിയമനങ്ങൾ നിറുത്തേണ്ടതാണെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ എം.രാജഗോപാലൻനായർ പറഞ്ഞു.സ്ഥിരം നിയമനത്തിനുള്ള പഴുതാവരുത് താത്കാലിക നിയമനം. ബോർഡുകൾക്കും ഗവൺമെന്റിനും ഇത് സംബന്ധിച്ച് പല തവണ കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. റിക്രൂട്ട്മെന്റ് ബോർഡ് ഒരു തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചാൽ അപേക്ഷകന്റെ അക്കാഡമിക് യോഗ്യതയും പ്രായവും വിജ്ഞാപന തീയതി വച്ചാണ് കണക്കാക്കുന്നത്.എന്നാൽ സംവരണം പോലുള്ള കാര്യങ്ങളിൽ വിജ്ഞാപനത്തിന്റെ പാർട്ട് രണ്ടിലെ വ്യവസ്ഥ പ്രകാരം നിയമനങ്ങൾ നടത്തുമ്പോഴുള്ള മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തി ലിസ്റ്റ് തയ്യാറാക്കാം. ഇപ്പോൾ എൽ.ഡി.ക്ളർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് പട്ടിക തയ്യാറാക്കിയത് അങ്ങനെയാണ്.

സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡം നിശ്ചയിക്കാൻ നിയോഗിച്ചിട്ടുള്ള സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടില്ല. അതിനാലാണ് ദേവസ്വം നിയമനത്തിൽ റിക്രൂട്ട്മെന്റ് ബോർഡ് മാനദണ്ഡം നിശ്ചയിച്ചത്.കെ.എസ്.എസ്.ആറിൽ നിന്ന് വ്യത്യസ്തമാണിത്. സർക്കാർ മാനദണ്ഡങ്ങൾ പിന്തുടരേണ്ട കാര്യം ദേവസ്വം ബോർഡിനില്ല. സർക്കാർ ഇക്കാര്യത്തിൽ അനുമതി നൽകിയതിന് കാരണവും അതാണ്. സാമ്പത്തിക സംവരണം നടപ്പാക്കുന്നില്ലെന്നതായിരുന്നല്ലോ എൻ.എസ്.എസിന്റെ പരാതിയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാജഗോപാലൻ നായരുടെ മറുപടി ഇങ്ങനെ: :'സംശയമുള്ളവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം.അജ്ഞത നടിക്കുന്നവരെ തിരുത്താൻ പ്രയാസമാണ്. ഒരു സംഘടനയെക്കുറിച്ചു മാത്രമല്ല ഇത് പറയുന്നത്. എല്ലാ കാര്യങ്ങളും യഥാസമയം അറിയുന്നവരാണ് അവരെല്ലാം. നടക്കുന്നതെല്ലാം അവർക്കറിയാം.'.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായം.1990 വരെ അവിടെ സ്ത്രീകൾ പോയിരുന്നതിന് തെളിവുണ്ട്.91ൽ കോടതിയിൽ ദേവസ്വം കമ്മീഷണറും സർക്കാരും നൽകിയ സത്യവാങ്മൂലത്തിലും ഇത് പറയുന്നുണ്ട്-അദ്ദേഹം പറഞ്ഞു. എൽ.ഡി ക്ളർക്ക് - സബ്‌ഗ്രൂപ്പ് ഓഫീസർ ആദ്യ ലിസ്‌റ്റ് ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി.ക്ലർക്ക് /സബ്ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്2 തസ്തികകളിലേക്ക് സംവരണം പാലിച്ചു തയ്യാറാക്കിയ സാദ്ധ്യതാ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അഭിമുഖ പരീക്ഷ ഒഴിവാക്കി, ഒ.എം.ആർ പരീക്ഷയുടെ മാർക്കിന്റെ മാത്രം അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. ഏതെങ്കിലും വിധത്തിലുള്ള ആക്ഷേപങ്ങൾ ഉണ്ടാവാതിരിക്കാനാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 68:32 ആയിരുന്നു ബോർഡിൽ നിലവിലെ സംവരണക്രമം. ജനറൽ വിഭാഗത്തിലെ 68 ശതമാനത്തിൽ നിന്ന് 10 ശതമാനം മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകും. ഈഴവ സമുദായത്തിന് മൂന്നും പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിന് രണ്ടും മറ്റ് പിന്നാക്കക്കാർക്ക് മൂന്നും ശതമാനം അധികസംവരണം നൽകും.ഇതോടെ, സംവരണം 50:50 ആയി മാറും.

മുന്നാക്ക വിഭാഗക്കാരുടെ സാമ്പത്തിക പിന്നാക്കാവസ്ഥ നിശ്ചയിക്കാൻ ദേവസ്വം ബോർഡുകളും റിക്രൂട്ട്‌മെന്റ് ബോർഡും കൂടിയാലോചിച്ച് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. എൽ.ഡി.ക്ലാർക്ക് /സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്2 തസ്തികയിലേക്ക് അപേക്ഷിച്ച 1,43,587 പേരിൽ 85,173 പേർ പരീക്ഷ എഴുതി.100 മാർക്കിനായിരുന്നു പരീക്ഷ.183 പേരെ പ്രധാന ലിസ്റ്റിലും 173 പേരെ ഉപലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.ജാതി/ക്രിമിലെയർ, സാമ്പത്തിക സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അർഹരെ ഉൾപ്പെടുത്തി അന്തിമലിസ്റ്റ് പ്രസിദ്ധീകരിക്കും.വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റാണ് നൽകേണ്ടത്.