ഷോറൂം മാനേജരുടെ മുഖത്ത് ഒരു ഗൂഢ മന്ദസ്മിതം മിന്നുന്നത് ചന്ദ്രകലയും പ്രജീഷും കണ്ടു.
അതുകൊണ്ടുതന്നെ അവരും തിരിഞ്ഞ് മാനേജർ നോക്കിയ ഭാഗത്തേക്കു കണ്ണയച്ചു.
ഗ്ളാസ് ഭിത്തിയിലൂടെ അവരും കണ്ടു, കർണാടക പോലീസ് സംഘത്തെ. എന്നാൽ, ഇരുവർക്കും പ്രത്യേകിച്ചൊന്നും തോന്നിയില്ല.
''എന്താ സാർ പോലീസൊക്കെ?" പ്രജീഷ് ചിരിച്ചു.
''ഇവിടെയെങ്ങാനും കള്ളന്മാരോ കള്ളനോട്ടുകാരോ ഉണ്ടാവും. ദിവസവും കോടികളുടെ ബിസിനസ്സ് നടത്തുന്ന സ്ഥാപനമല്ലേ ഇത്?"
പ്രജീഷ് തലകുലുക്കി.
''എന്നാൽ ഞങ്ങളങ്ങോട്ട് ചെല്ലട്ടേ? ഇന്നുതന്നെ വണ്ടി ഡെലിവറിയാകുമല്ലോ?"
ചന്ദ്രകല എഴുന്നേൽക്കുവാൻ ഭാവിച്ചു.
''വണ്ടി ഇന്നു കിട്ടും. അതിനു മുൻപ് ഒന്നുരണ്ട് ഫോർമാലിറ്റികൾ കൂടിയുണ്ട്. മേഡം ഇരിക്കണം."
മാനേജർ പറഞ്ഞു.
ചന്ദ്രകല ഇരുന്നു.
ആ നിമിഷം ഗ്ളാസ് ഡോർ തള്ളിത്തുറന്ന് ഏതാനും പോലീസ് ഉദ്യോഗസ്ഥർ അകത്തെത്തി.
''വരണം സാർ."
മാനേജർ എഴുന്നേറ്റു.
അകത്തെത്തിയ പോലീസ് സംഘം ചന്ദ്രകലയെയും പ്രജിഷിനെയും ഒന്നു നോക്കി.
''ഇവരാണോ?"
'അതെ."
ചന്ദ്രകലയും പ്രജീഷും അമ്പരന്നു. കാര്യം വ്യക്തമാകുന്നില്ല... സംശയത്തോടെ ഇരുവരും മാനേജർക്കു നേരെ തിരിഞ്ഞു.
''എന്താണു സാർ?"
''എല്ലാം മനസ്സിലാക്കിത്തരാം." പറഞ്ഞത് ഇൻസ്പെക്ടറാണ്.
മാനേജർ പെട്ടെന്ന് രണ്ടായിരത്തിന്റെ ഒരുകെട്ട് നോട്ടെടുത്ത് ഇൻസ്പെക്ടർക്കു നീട്ടി. അത് തങ്ങൾ കൊണ്ടുവന്ന പണമാണെന്ന് ചന്ദ്രകലയും പ്രജീഷും തിരിച്ചറിഞ്ഞു.
''ബാക്കി പണം ക്യാഷ് കൗണ്ടറിൽ ഉണ്ട്. ഒറ്റനോട്ടത്തിൽത്തന്നെ ഞങ്ങൾക്കു കാര്യം മനസ്സിലായി. അതാണ് അപ്പോൾത്തന്നെ സാറിനെ വിവരമറിയിച്ചത്."
ഇൻസ്പെക്ടറും ആ നോട്ടുകെട്ട് പുസ്തകം മറിക്കുന്നതുപോലെ ഒന്നു മറിച്ചു.
''ബാക്കി കൂടി എടുപ്പിക്ക്."
മാനേജർ ഫോണെടുത്ത് ആർക്കോ ഒരു നിർദ്ദേശം നൽകി.
മിനിട്ടുകൾക്കുള്ളിൽ ക്യാഷ് കൗണ്ടറിൽ ഇരുന്ന സുന്ദരി, ചന്ദ്രകലയും പ്രജീഷും കൊടുത്ത ബാക്കി പണവുമായി വന്നു.
''ഞങ്ങൾക്ക് ഒന്നും പിടികിട്ടുന്നില്ല സാർ. എന്താ ഇതൊക്കെ?"
പ്രജീഷ് മുഷിഞ്ഞു.
അടുത്ത നിമിഷം ഇൻസ്പെക്ടർ അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് തന്നിലേക്കു വലിച്ചു ചേർത്തു.
''കള്ളനോട്ടു കൊടുത്ത് കാറ് വാങ്ങാമെന്നു കരുതി അല്ലേടാ? സ്കൗണ്ട്‌റൽ.."
''കള്ളനോട്ടോ?" ശിരസ്സിൽ തീഗോളം പതിച്ചതുപോലെ ചന്ദ്രകലയും പ്രജീഷും നടുങ്ങി. ഇത് കള്ളനോട്ടല്ല. ഒറിജിനലാ."
''അതൊക്കെ നമുക്ക് തെളിയിക്കാം." ഇൻസ്പെക്ടർ, പ്രജീഷിനെ പോലീസുകാർക്കു നേരെ തള്ളി.
''ടേക്ക് ഹിം."
പ്രജീഷ് പോലീസ് കസ്റ്റഡിയിലായി.
''ഏയ്.... എന്തായിത്?"
ചന്ദ്രകലയുടെ ശബ്ദം വിറച്ചു.
''മേഡം. ഈ രാജ്യത്ത് ഒരു നിയമമുണ്ട്. ഭരണഘടനയുണ്ട്. അതിൽ സ്വന്തമായി നോട്ടടിച്ചു വിതരണം ചെയ്യാൻ ആർക്കും അധികാരം തന്നിട്ടില്ല.... രാജ്യദ്രോഹകുറ്റമാണത്."
ചന്ദ്രകലയ്ക്കു വിശ്വാസമില്ല.
''നിങ്ങൾക്കു തെറ്റുപറ്റിയതാകും സാർ. ഒറിജിനൽ നോട്ടുതന്നെയാ ഞങ്ങളുടേത്. എന്റെ ലാന്റ് വിൽക്കുവാ ൻ എഗ്രിമെന്റായപ്പോൾ കിട്ടിയ അഡ്വാൻസ്..."
അവർ വാദിച്ചു.
ഇൻസ്പെക്ടർ ശാന്തനായി നിലകൊണ്ടു.
''എത്ര രൂപ നിങ്ങൾ അഡ്വാൻസു വാങ്ങി?"
''പത്ത് കോടി..."
''എങ്കിൽ വസ്തു വാങ്ങുവാൻ തീരുമാനിച്ച ആൾ നിങ്ങളെ ചീറ്റുചെയ്തിരിക്കുന്നു."
ഇൻസ്പെക്ടർ സെൽഫോൺ എടുത്ത് ആർക്കോ ഒരു കാൾ അയച്ചു.
''കേറി വാ..."
അടുത്ത നിമിഷം പോലീസ് വാഹനത്തിൽ നിന്ന് ഒരു വനിതാ പോലീസുകാരികൂടി ഇറങ്ങി അവർക്കടുത്തെത്തി.
ഇൻസ്പെക്ടറെ സല്യൂട്ടു ചെയ്തിട്ട് വനിതാ പോലീസ്, ചന്ദ്രകലയുടെ കൈയ്ക്കു പിടിച്ചു.
''കം വിത്ത് മീ."
ചന്ദ്രകലയ്ക്കു കാലുകൾ തറയിൽ ഒട്ടിപ്പോയ പ്രതീതി.
കിടാവുസാർ ചതിച്ചിരിക്കുന്നു!
നീചൻ. ഇനി അയാൾക്കു മാപ്പുകൊടുക്കുന്ന പ്രശ്നമില്ല.
ചന്ദ്രകല കുതറാൻ ശ്രമിച്ചു.
''ഞങ്ങൾക്ക് ഒന്നുമറിയില്ല..."
''അതൊക്കെ ഇനി കോടതിയിൽ പറഞ്ഞാൽ മതി. പത്തുകോടിയിൽ ബാക്കി പണമെവിടെ?"
ഇൻസ്പെക്ടർ കണ്ണുകൾ കൊണ്ട് ചന്ദ്രകലയുടെ അഴകളവു നുകർന്നു.
''ഞങ്ങൾ താമസിക്കുന്നിടത്ത് ഉണ്ട് സാർ..."
ചന്ദ്രകല വിക്കി.
''എങ്കിൽ നമുക്കങ്ങോട്ടു പോകേണ്ടിവരും."
അവിടെവച്ചുതന്നെ മഹസ്സർ തയ്യാറാക്കി. അതിൽ സാക്ഷികളായി ഷോറൂം മാനേജരും കാഷ് കൗ
ണ്ടറിൽ ഇരുന്ന സുന്ദരിയും ഒപ്പുവച്ചു.
പിന്നെ ചന്ദ്രകലയുടെയും പ്രജീഷിന്റെയും എതിർപ്പിനെ മറികടന്ന് അവരെ പോലീസ് വണ്ടിയിലേക്കു കൊണ്ടുപോയി.
അടുത്ത ദിവസം.
രാവിലെ പത്രം വായിക്കുകയായിരുന്നു എം.എൽ.എ ശ്രീനിവാസകിടാവ്.
അതിൽ ചന്ദ്രകലയുടെയും പ്രജീഷിന്റെയും ഫോട്ടോ കണ്ട് അയാളുടെ പുരികം ചുളിഞ്ഞു.
''ബംഗളൂരുവിൽ വൻ കള്ളനോട്ട് വേട്ട..."
അതായിരുന്നു വാർത്തയുടെ തലക്കെട്ട്.
കിടാവ് വാർത്ത ഒന്ന് ഓടിച്ചു വായിച്ചു. താൻ അഡ്വാൻസായി നൽകിയ പണമാണ് അതെന്ന് അവർ പറഞ്ഞിരിക്കുന്നതു കണ്ട് അയാൾ നടുങ്ങി.
(തുടരും)