anil-radhakrishna-menon

കൊച്ചി: കോളേജ് യൂണിയൻ പരിപാടിയുമായി ബന്ധപ്പെട്ട് നടൻ ബിനീഷ് ബാസ്‌റ്റിൻ അപമാനിതനായ സംഭവത്തിൽ സംവിധായകൻ അനിൽ രാധകൃഷ്‌ണമേനോനോട് വിശദീകരണം ആവശ്യപ്പെട്ടതായി ചലച്ചിത്ര സംഘടനയായ ഫെഫ്‌ക. മറുപടി തൃപ്‌തികരമല്ലെങ്കിൽ സംവിധായകനെതിരെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണൻ വ്യക്തമാക്കി.

'സാമൂഹിക മാദ്ധ്യമങ്ങൾ വഴിയാണ് സംഭവം അറിയുന്നത്. അങ്ങേയറ്റം നിർഭാഗ്യകരമായ സംഭവമാണ് അരങ്ങേറിയിരിക്കുന്നത്. വിശദീകരണം നൽകാൻ അനിൽ രാധാകൃഷ്ണ മേനോനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടികൾ സ്വീകരിക്കും.ബിനീഷ് ബാസ്റ്റിനുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹവുമായി സംസാരിക്കും. കേരളം എന്തിന് വേണ്ടി നിലനിൽക്കുന്നുവോ, ആ മൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന കാര്യമാണ് വീഡിയോയിൽ കണ്ടത്. ഫെഫ്‌കയ്‌ക്ക് ആ മൂല്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്'- ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

പാലക്കാട് മെഡിക്കൽ കോളേജിൽ വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു സംഭവം. കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞതാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. തന്റെ സിനിമയിൽ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകൻ പറഞ്ഞുവെന്നും അതിനാൽ പരിപാടി കഴിഞ്ഞ് വന്നാൽ മതിയെന്ന് കോളേജ് അധികൃതർ ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തുകയായിരുന്നു.

ചടങ്ങ് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് പ്രിൻസിപ്പളും യൂണിയൻ ചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് വന്നാൽ മതിയെന്ന് ആവശ്യപ്പെട്ടത്. കാരണം എന്താണെന്ന് ബിനീഷ് ചോദിച്ചപ്പോൾ, മാസിക പ്രകാശനം ചെയ്യാൻ വരാമെന്നേറ്റ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്ന് അറിയിച്ചത്. തുടർന്ന് പ്രിൻസിപ്പിളിന്റെയും യൂണിയൻ നേതാക്കളുടെയും എതിർപ്പ് മറികടന്ന് വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.