തിരുവനന്തപുരം: 'മഹ' ചുഴലിക്കാറ്റ് കേരളത്തിൽ വിതച്ച ഭീതി ഒഴിയുന്നു. ചുഴലിക്കാറ്റ് കേരളാ തീരത്ത് നിന്നും പൂർണമായും വിട്ടൊഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഒമാൻ തീരത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് നിലവിൽ മംഗളുരു തീരത്ത് നിന്നും 390 കിലോമീറ്റർ അകലെയാണ്. കേരളതീരത്തെ മാത്രമല്ല ലക്ഷ്വദ്വീപിലെയും ചുഴലിക്കാറ്റ് ഭീതി ഒഴിഞ്ഞിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നുണ്ട്. ഇന്നലെ ലക്ഷ്വദ്വീപിലെ അമ്‌നിദീവിലാണ് ചുഴലിക്കാറ്റിന്റെ സാനിദ്ധ്യം ഉണ്ടായത്. കേരളതീരങ്ങളിൽ ശക്തമായ കാറ്റ് വീശുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും നിലവിൽ മറ്റ് മുന്നറിയിപ്പുകളൊന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടില്ല.
ലക്ഷ്വദ്വീപിൽ 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശുമെന്നും പറഞ്ഞിട്ടുണ്ട്. കേരളത്തിൽ കാറ്റിന്റെ മുന്നറിയിപ്പ് നൽകിയിട്ടില്ല. മണിക്കൂറിൽ 50 മുതൽ 40 കിലോമീറ്റർ വേഗതയിലാകും കേരളാ തീരങ്ങളിൽ കാറ്റ് വീശുക. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മഴ മുന്നറിയിപ്പുകൾ സംബന്ധിച്ചുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുകൾ ഉടൻ പുറത്ത് വരുമെന്നാണ് കരുതുന്നത്. മഴ മാറി നിൽക്കുന്ന തിരുവനന്തപുരത്ത് നിലവിൽ നല്ല വെയിലും കാണാൻ സാധിക്കുന്നുണ്ട്. മിനിഞ്ഞാന്ന് തൊട്ട് മത്സ്യതൊഴിലാളികളൊന്നും കടലിൽ മീൻ പിടിക്കാനായി പോയിട്ടില്ല.