കൊച്ചി: പാലക്കാട് മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിൻ അപമാനിക്കപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ. താൻ ജാതീയമായി ബിനീഷിനെ അപമാനിച്ചിട്ടില്ല. താൻ അല്ലാതെ മറ്റൊരാൾ പരിപാടിയിൽ അതിഥിയായി എത്തുന്ന കാര്യം കോളേജ് അധികൃതർ തന്നെ അറിയിച്ചിട്ടില്ലായിരുന്നു. അങ്ങനെയൊരാൾ ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് സംവിധായകൻ നൽകുന്ന വിശദീകരണം. എന്നാൽ തന്നെ ക്ഷണിച്ചതിന്റെ പിറ്റേന്ന് കോളേജിൽ നിന്നും വിളിച്ചുവെന്നും ബിനീഷ് ബാസ്റ്റിനെ അറിയാമോ എന്ന് ചോദിച്ചുവെന്നും നല്ലതുപോലെ അറിയാം എന്നും തന്റെ സിനിമയിൽ അയാൾ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു. അദ്ദേഹത്തെ പലപ്പോഴും കാണാറുണ്ടെന്നും താൻ ഉത്തരം നൽകിയെന്നും അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞു.
ബിനീഷും ഗസ്റ്റായി വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ താൻ മറ്റൊരാളുടെ ലൈംലൈറ്റിൽ വരില്ലെന്നും അവരുടെ ബെനിഫിറ്റിൽ തനിക്ക് ഗസ്റ്റ് ആവേണ്ടെന്നും താൻ കോളേജ് അധികൃതരെ അറിയിച്ചുവെന്നും സംവിധായകൻ പറഞ്ഞു. അത് ബിനീഷല്ല ആരായാലും അങ്ങനെ തന്നെ ആണെന്ന് താൻ പറഞ്ഞിരുന്നതായും അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞു. എന്നാൽ വീണ്ടും ഫോണിൽ വിളിച്ച് കോളേജ് അധികൃതർ ബിനീഷുമായി ബന്ധപ്പെട്ട പരിപാടി ക്യാൻസൽ ചെയ്തുവെന്നു പറഞ്ഞുവെന്നും താൻ വരണമെന്ന് നിർബന്ധിച്ചുവെന്നും അനിൽ രാധാകൃഷ്ണ മേനോൻ പറയുന്നു. താൻ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും അതിനു സാധിച്ചില്ല. രാധാകൃഷ്ണ മേനോൻ പറയുന്നു.
താൻ ബിനീഷിനെ ജാതീയമായി അധിക്ഷേപിച്ചുവെന്ന ആരോപണം പൂർണമായും നിഷേധിക്കുകയാണെന്നും സംവിധായകൻ പറഞ്ഞു. ബിനീഷ് കംഫർട്ടബിൾ ആയിക്കോട്ടെ എന്ന് വച്ചാണ് പരിപാടിയിൽ നിന്നും താൻ ഒഴിയാൻ ആലോചിച്ചതെന്നും അല്ലാതെ നടനോട് തനിക്ക് വിരോധമൊന്നുമില്ലെന്നും സംവിധായകൻ പറയുന്നു. ബിനീഷിന് ഈ വിഷയത്തിൽ മനോവിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ താൻ മാപ്പ് ചോദിക്കുന്നതായും അനിൽ രാധാകൃഷ്ണ മേനോൻ പറയുന്നു. താൻ എഴുതിയ തിരക്കഥയിൽ താൻ ബിനീഷിനായി ഒരു കഥാപാത്രം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിരോധം ഉണ്ടായിരുന്നെങ്കിൽ താൻ അങ്ങനെ ചെയുമായിരുന്നോ എന്നും സംവിധായകൻ ചോദിച്ചു.
പരിപാടിയുമായി ബന്ധപ്പെട്ട് നടൻ ബിനീഷ് ബാസ്‌റ്റിൻ അപമാനിതനായ സംഭവത്തിൽ സംവിധായകൻ അനിൽ രാധകൃഷ്‌ണ മേനോനോട് വിശദീകരണം ആവശ്യപ്പെട്ടതായി ചലച്ചിത്ര സംഘടനയായ ഫെഫ്‌ക അറിയിച്ചിട്ടുണ്ട്. മറുപടി തൃപ്‌തികരമല്ലെങ്കിൽ സംവിധായകനെതിരെ നടപടി സ്വീകരിക്കുമെന്നുംഫെഫ്‌ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണൻ വ്യക്തമാക്കിയിരുന്നു. ബിനീഷ് ബാസ്റ്റിനെ പോലെ ഒരു മൂന്നാംകിട നടനൊപ്പം താൻ വേദി പങ്കിടില്ല എന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞുവെന്ന ആരോപണത്തെ തുടർന്നാണ് വിവാദം ആരംഭിച്ചത്.