jose-k-mani-pj-joseph

കോട്ടയം: കേരളകോൺഗ്രസ് ചെയർമാനായി ജോസ്.കെ.മാണിയെ തീരുമാനിച്ച നടപടിയിൽ സ്‌റ്റേ തുടരും. ജോസ് കെ. മാണിയുടെ അപ്പീൽ കട്ടപ്പന സബ്‌കോടതി തള്ളിയതോടെയാണ് കേരളകോൺഗ്രസ് അധികാരത്തർക്കത്തിൽ ജോസ്.കെ.മാണിക്ക് വീണ്ടും തിരിച്ചടിയേൽക്കേണ്ടി വന്നത്. ഇതോടുകൂടി പാർട്ടിയുടെ ചെയർമാനായി പി.ജെ. ജോസഫ് തന്നെ തുടരും. രണ്ടാം തവണയാണ് ജോസ് കെ മാണിക്ക് കോടതിയിൽനിന്ന് തിരിച്ചടിയേൽക്കുന്നത്.

കോടതി വിധി തങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്ന് പി.ജെ. ജോസഫ് ഗ്രൂപ്പ് നേതാക്കൾ പ്രതികരിച്ചു. വിധി ഇലക്ഷൻ കമ്മിഷനെ അറിയിക്കും. ജോസ്.കെ മാണിയുടെ ദാർഷ്‌ട്യത്തിനേറ്റ തിരിച്ചടിയാണിത്. തെറ്റുതിരുത്തി ജോസ്.കെ.മാണി പാർട്ടിയിലേക്ക് തിരിച്ചെത്തണമെന്ന് ജോസഫ് വിഭാഗം നേതാക്കൾ പ്രതികരിച്ചു.

അതേസമയം, കോടതി വിധിക്കെതിരായി അപ്പീൽ നൽകുമെന്ന് ജോസ്.കെ മാണിയും വ്യക്തമാക്കി. യഥാർത്ഥ കേരളകോൺഗ്രസ് ഏതാണെന്ന് ഇലക്ഷൻ കമ്മിഷനാണ് തീരുമാനിക്കേണ്ടത്. ചിഹ്നം ആർക്ക് കൊടുക്കണമെന്നും തീരുമാനിക്കുന്നത് ഇലക്ഷൻ കമ്മിഷനാണെന്നും, എല്ലാ രേഖകളും കമ്മിഷന് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ജോസ്.കെ മാണി പറഞ്ഞു.