തളിപ്പറമ്പ്: അഞ്ച് കോടിയുടെ മൺസൂൺ ബംബർ നറുക്കെടുപ്പ് കഴിഞ്ഞതോടെ ചൂട് പിടിക്കുകയാണ്. അഞ്ച് കോടിയുടെ ഭാഗ്യം അർഹതപ്പെട്ട കരങ്ങളിലാണോ കിട്ടുന്നതെന്ന് അറിയണമെങ്കിൽ പൊലീസ് അന്വേഷണം പൂർത്തിയായാൽ മാത്രമേ പറയാനാവൂ എന്നതാണ് സ്ഥിതി.
പരാതിയുമായി മുനിയപ്പൻ
ബംബർ സമ്മാനത്തിന് അർഹമായ ടിക്കറ്റ് തന്റെ പക്കൽ നിന്നും തട്ടിയെടുത്തതാണെന്ന പരാതിയുമായി തമിഴ് നാട് സ്വദേശിയായ മുനിയൻ എത്തിയതോടെയാണ് മൺസൂൺ ബംബറിൽ വിവാദം ചൂടു പിടിക്കുന്നത്. മുനിയന്റെ വാദം ഇങ്ങനെയാണ്. മുപ്പതു വർഷമായി കോഴിക്കോട്ട് താമസിക്കുന്ന മുനികുമാർ ടാക്സി ഡ്രൈവറാണ്. എല്ലാ മാസവും പറശ്ശിനിക്കടവിൽ വരും. 16ന് വന്നപ്പോഴാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. ജൂൺ 26ന് വീണ്ടും പറശിനിക്കടവ് ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ ടിക്കറ്റ് നഷ്ടമായെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.
രേഖകളിൽ ബംബറടിച്ചത് അജിതന്
കഴിഞ്ഞ ജൂലായ് 18ന് നറുക്കെടുത്ത എം.ഇ 174253 നമ്പർ മൺസൂൺ ബംബർ ലോട്ടറിയുമായി ഹാജരായ പറശിനിക്കടവ് സ്വദേശി അജിതനെയാണ് മൺസൂൺ ബംബറിന്റെ വിജയിയായി സർക്കാർ പ്രഖ്യാപിച്ചത്. സമ്മാനാർഹമായ എം.ഇ 174253 നമ്പർ മൺസൂൺ ബംബർ ലോട്ടറിയുമായി അജിതനാണ് എത്തിയത്. എന്നാൽ പരാതിയുമായി മുനിയപ്പൻ എത്തിയതോടെ അജിതൻ തലശ്ശേരി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയിരിക്കുകയാണ്. ഇതിനു മുൻപും അജിതന് ഭാഗ്യം കടാക്ഷിച്ചിട്ടുണ്ട്. എട്ട് വർഷം മുമ്പ് അജിതന് 40 ലക്ഷം രൂപയും 50 പവനും ഒന്നാം സമ്മാനമായി കേരള ലോട്ടറിയിൽ നിന്ന് ലഭിച്ചിരുന്നു.
'ബംബറടിച്ച മൂന്നാമൻ' വിദേശത്തേക്ക് മുങ്ങി
മുനിയപ്പനും അജിതനും പുറമേ ബംബർ വിജയിയായി മറ്റൊരാളിന്റെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്.
ലോട്ടറി ഫലം പുറത്തുവന്നപ്പോൾ തനിക്കാണ് കിട്ടിയതെന്ന് തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റിനെ അറിയിച്ച മംഗലശേരി സ്വദേശി പക്ഷേ അപ്രതീക്ഷിതമായി വിദേശത്തേക്ക് പോവുകയായിരുന്നു.
പൊലീസ് അന്വേഷണത്തിൽ വെളിപ്പെടുന്നത്
മുനിയപ്പന് കിട്ടേണ്ട ഭാഗ്യം അജിതൻ കൈക്കലാക്കിയതാണോ എന്ന അന്വേഷണമാണ് മുഖ്യമായും പൊലീസിന്റെ ഭാഗത്തു നിന്നും നടക്കുന്നത്. എന്നാൽ ലോട്ടറി അടിച്ചുവെന്ന് അറിയിച്ച് നിന്ന നിൽപ്പിൽ വിദേശത്തേക്ക് കടന്നയാളും അന്വേഷണ പരിധിയിലുണ്ട്. സമ്മാനാർഹമായ ലോട്ടറി വില്പന നടത്തിയ ഏജന്റ് മുയ്യത്തെ പവിത്രനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഈ സംഭവത്തിന് പിന്നിൽ ഭാഗ്യമടിച്ചാൽ ടിക്കറ്റിൽ പറയുന്ന മുഴുവൻ തുകയും നൽകുന്ന സംഘമാണെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. അജിതൻ ഈ കണ്ണിയിൽപ്പെട്ടയാളാവാമെന്നും മുഴുവൻ തുക വാഗ്ദാനം ചെയ്ത് മുനിയനെ വരുത്തി ടിക്കറ്റ് തട്ടിയെടുത്തതാകാമെന്നും അറിയുന്നു. എട്ട് വർഷം മുമ്പ് അജിതന് ലഭിച്ച ലോട്ടറി സമ്മാനത്തെക്കുറിച്ചും അന്വേഷിക്കും.
ടിക്കറ്റ് ഹാജരാക്കിയതിനെ തുടർന്ന് അഞ്ചു കോടിയിൽ നികുതി കഴിച്ച് 3.15 കോടി രൂപ അജിതൻ ടിക്കറ്റ് നൽകിയ പുതിയ തെരുവിലെ ബാങ്കിന് ലഭിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഈ തുക മരവിപ്പിച്ചിരിക്കയാണ്. ടിക്കറ്റ് കോടതിയിൽ ഹാജരാക്കി ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.