ഇസ്ലാമബാദ്: ഉപയോഗിച്ച സിറിഞ്ചുകൾ വീണ്ടും ഉപയോഗിച്ചതിലൂടെ പാകിസ്ഥാനിലെ ഒരു നഗരത്തിലെ 900 കുട്ടികൾ എച്ച് .ഐ. വി ബാധിതരായതായി റിപ്പോർട്ട്. അണുബാധിതമായ സിറിഞ്ചുകൾ ഒരു ഡോക്ടർ വീണ്ടും ഉപയോഗിച്ചതാണ് ഇത്രയും കുട്ടികൾ അസുഖബാധിതരാവാൻ കാരണം. ഡോക്ടറെ അറസ്റ്റുചെയ്തു.
ഈ വർഷമാദ്യം അഞ്ഞൂറോളം കുട്ടികളിൽ എച്ച് ഐ വി ബാധ കണ്ടെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ അത് 1100 കുട്ടികളിൽ എത്തിയിരിക്കുകയാണ്. ഇവരിൽ നടത്തിയ പരിശോധനയിൽ 900 കുട്ടികളിൽ എച്ച് ഐ വി പോസിറ്റീവ് ആണെന്ന് തെളിഞ്ഞിരിക്കുകയാണ്. കുട്ടികൾക്കൊപ്പം പ്രായപൂർത്തിയായ ചിലർക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അധികൃതർ കൂടുതൽ അന്വേഷണമാരംഭിച്ചു. ഡോക്ടർ ഈ കൊടുംക്രൂരത കാണിച്ചതെന്തിനെന്ന് വ്യക്തമല്ല.