ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ സി.ഐ അലിയാർ കല്ലറകൾ എണ്ണിനോക്കി.
ഒൻപതെണ്ണം!
അയാൾ അവ സൂക്ഷ്മമായി പരിശോധിക്കുവാൻ തുടങ്ങി.
പൊടുന്നനെ അലിയാരുടെ നെറ്റി ചുളിഞ്ഞു.
ചില കല്ലറകളുടെ സ്ളാബുകളിൽ രണ്ടാമത് സിമന്റുവച്ച് ഉറപ്പിച്ചിരിക്കുന്നതു പോലെ...
ഫയർഫോഴ്സ് ഉദ്യോഗസ്ഥന്മാർ അടുത്തുള്ളതിനാൽ അയാൾ തന്റെ സംശയം പുറത്തു പറഞ്ഞില്ല.
മാത്രമല്ല രഹസ്യ മാർഗ്ഗത്തിന്റെ വാതിലും കണ്ടില്ല.
''ഇങ്ങനെ ഒരിക്കലും സംഭവിക്കരുതല്ലോ..."
അലിയാർ തിരിഞ്ഞ് എസ്.ഐ സുകേശിനെ നോക്കി.
''എന്താണു സാർ?"
സുകേശിനു പിടികിട്ടിയില്ല.
അലിയാർ വിശദീകരിച്ചു:
നിലവറയുടെ വാതിൽ ഭദ്രമായി അടച്ച നിലയിലായിരുന്നു. എന്നാൽ നമ്മൾ അതു തുറന്നപ്പോൾ ധാരാളം നരിച്ചീറുകൾ പറന്നുപോയി. അതെങ്ങനെ?"
സുകേശിന്റെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും നെറ്റിചുളിഞ്ഞു.
''പുറത്തുനിന്നല്ലാതെ എങ്ങനെ നരിച്ചീറുകൾക്ക് ഇതിനുള്ളിൽ കടക്കാൻ കഴിയും സാർ? ഇനി അഥവാ നേരത്തെ അവറ്റകൾ കയറിക്കൂടിയിട്ടുണ്ടെന്നും പെറ്റുപെരുകിയതാണെന്നും കരുതാം. പക്ഷേ അവയ്ക്കുള്ള ആഹാരം ഇതിനുള്ളിൽ എങ്ങനെ കിട്ടും?"
സുകേശ് തന്നെക്കാൾ ഒരു പടികൂടി മുന്നോട്ടു ചിന്തിച്ചുകയറിയിരിക്കുന്നു. അലിയാർ ഓർത്തു.
ഭിത്തികളിൽ മാറാലകൾ അസംഖ്യം തൂങ്ങിക്കിടക്കുകയാണ്.
ആ സംഘം അത് മാറ്റി പരിശോധിക്കുവാൻ തുടങ്ങി.
ഇപ്പോൾ അവർ കണ്ടു, ഒരു ചെറിയ വെന്റിലേറ്റർ വലിപ്പത്തിൽ ദ്വാരം.
അതിനപ്പുറം കട്ടപിടിച്ച ഇരുട്ട്. ആ വഴിയാവണം നരിച്ചീറുകൾ അകത്തെത്തിയിരുന്നത്.
എന്നാൽ വാതിലെവിടെ?
തട്ടിയും മുട്ടിയും അവർ പരിശോധന തുടർന്നു.
അപ്പോൾ ഒരു കാര്യം വ്യക്തമായി. അകത്തുനിന്നോ പുറത്തുനിന്നോ വാതിൽഭാഗം സിമന്റുവച്ച് അടച്ചിരിക്കുന്നു!
മാത്രമല്ല ഭിത്തികൾ കറുത്ത പെയിന്റു തേച്ചതുമാണ്.
പൊടുന്നനെ ഭിത്തിക്ക് ഒരു ശബ്ദമാറ്റം.
അപ്പുറം പൊള്ളയായ ഭാഗം പോലെ....
ഫയർഫോഴ്സുകാർ കട്ടർ ഉപയോഗിച്ച് ആ ഭാഗം പൊളിച്ചു.
ആശ്ചര്യസൂചകമായി ഒരു ശബ്ദം അവരിൽ നിന്നുയർന്നു.
ഇഷ്ടികകൾ അടുക്കിയ നിലയിലായിരുന്നു അവിടം. അകഭാഗത്തു മാത്രം സിമന്റു തേച്ചുപിടിപ്പിച്ചിരുന്നു.
അവർ ഇഷ്ടികകൾ നീക്കം ചെയ്തു.
അപ്പുറത്ത് ഏതാണ്ട് നാലടി ഉയരവും അഞ്ചടി വീതിയുമുള്ള ഒരു ഗുഹ.
അതിനുള്ളിലും പൊടിയും മാറാലകളും.
അടുത്ത നിമിഷം കാൽച്ചുവട്ടിൽ നിന്നെന്നവണ്ണം ഒരു പാമ്പിന്റെ സീൽക്കാരം...
അവർ രണ്ടടി പിന്നോട്ടു മാറി. ഹെഡ്ലൈറ്റിന്റെ വെളിച്ചം ഒരു പാമ്പിൽ പതിഞ്ഞു.
എട്ടടിയിലധികം നീളം വരുന്ന, സ്വർണ നിറമുള്ള ഒരു മൂർഖൻ!
അത് ഫണം വിടർത്തി നിൽക്കുകയാണ്.
വെളിച്ചമടച്ച് അതിന്റെ കുഞ്ഞു കണ്ണുകൾ ചുവന്ന മുത്തുകൾ പോലെ തിളങ്ങി.
''സാർ.. അങ്ങോട്ടു പോകരുത്." ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അലിയാരെ വിലക്കി.
''പോകുന്നില്ല. ഈ വഴി ആരും കോവിലകത്തിനുള്ളിലേക്ക് വരില്ലെന്ന് ഉറപ്പ്."
അങ്ങനെ പറഞ്ഞെങ്കിലും അലിയാർക്ക് ആ തുരങ്കത്തിന്റെ അങ്ങേയറ്റം എവിടെയെന്ന് അറിയണമെന്നുണ്ടായിരുന്നു.
ശരിക്ക് അടയ്ക്കുവാൻ കഴിഞ്ഞില്ലെങ്കിലും ഇഷ്ടികകൾ പഴയപടി വച്ചിട്ട് അവർ നിലവറയിൽ നിന്നിറങ്ങി...
അന്നു രാത്രി...
സി.ഐ അലിയാരും എസ്.ഐ സുകേശും വീണ്ടും കോവിലകത്ത് ചെന്നു.
ഏതാണ്ട് പതിനൊന്നു മണി കഴിഞ്ഞിരുന്നു.
കോവിലകത്തിനുള്ളിൽ കനത്ത നിശ്ശബ്ദതയാണ്. അന്ന് ആരും അവിടെ വന്നിട്ടില്ലെന്ന് ഉറപ്പ്.
കമ്പിപ്പാരയും മറ്റും ഉണ്ടായിരുന്നു അവരുടെ പക്കൽ.
''സാർ... നമ്മൾ എന്താ ചെയ്യാൻ പോകുന്നത്?" സുകേശ് ചോദിച്ചു.
തങ്ങളുടെ ആഗമനോദ്ദേശ്യം അലിയാർ അയാളോടു പറഞ്ഞിരുന്നില്ല.
''ഇന്നു പകൽ ഇവിടെ വന്നതോടുകൂടി എനിക്കു ചില സംശയങ്ങൾ ഉണ്ടായിരിക്കുകയാണ്. അല്പ സമയത്തിനുള്ളിൽ അതിന്റെ ഉത്തരം കിട്ടുമെന്ന് ഞാൻ കരുതുന്നു."
അലിയാർ, സുകേശിനെയും കൂട്ടി നിലവറയിൽ ഇറങ്ങി.
രാവിലെ നോക്കിവച്ച കല്ലറകളിൽ ഒന്നിന്റെ അടുത്തു ചെന്നു. പുതിയതായി സിമന്റു പിടിപ്പിച്ചതുപോലെ തോന്നിയ കല്ലറയായിരുന്നു അത്.
''ഇത് നമുക്ക് പൊളിക്കണം."
അലിയാർ ഒരു കമ്പിപ്പാര എടുത്തു. സുകേശും.
കല്ലറയുടെ ഇരുഭാഗങ്ങളിലും നിന്ന്, ഹെഡ് ലൈറ്റുകളുടെ വെളിച്ചത്തിൽ ഇരുവരും സ്ളാബിന് അടിഭാഗം കുത്തിയിളക്കാൻ ശ്രമിച്ചു.
ആ ശബ്ദം ഭീകരമായി നിലവറയിൽ മുഴങ്ങി.
''സാർ... ശബ്ദം പുറത്തു കേൾക്കില്ലേ?"
സുകേശിനു നേരിയ ഭയം.
''നിലവറയുടെ വാതിൽ അടച്ചിരിക്കുന്നതിനാൽ അതിനു സാദ്ധ്യതയില്ല. മാത്രമല്ല അടുത്തെങ്ങും വീടുകളില്ലല്ലോ..."
ഇരുവരും വീണ്ടും പണി തുടർന്നു.
കമ്പിപ്പാരകളുടെ അഗ്രത്ത് തീപ്പൊരികൾ ചിതറി.
പെട്ടെന്ന് സ്ളാബ് ഇളകി...
(തുടരും)