ആർത്തവം എന്നത് സ്ത്രീകൾ മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട ഒരു ശാരീരികാവസ്ഥയാണ്. ഓരോ മാസവും കടുത്ത വേദനയുടെയും അസ്വസ്ഥതയുടെയും അകമ്പടിയോടെ എത്തുന്ന ആർത്തവത്തെ അഭിമുഖീകരിക്കാൻ സ്ത്രീകൾ പല മാർഗങ്ങളും ഉപയോഗിക്കാറുണ്ട്. ചില സ്ത്രീകൾ പറ്റുതുണിക ഉപയോഗിക്കുമ്പോൾ മറ്റ് ചിലർ ടാംപോണുകളും പാഡുകളുമാണ് ആർത്തവരക്തം ഒപ്പാനായി ഉപയോഗിക്കുക. ആർത്തവത്തെ നേരിടാൻ എല്ലാവിധ സൗകര്യങ്ങളുമുള്ള സ്ത്രീകൾ പോലും ആ സമയത്ത് കഷ്ടതയനുഭവിക്കുമ്പോൾ ഇത്തരം സൗകര്യങ്ങളിലാത്ത, ആർത്തരക്തത്തെ തടയാൻ ഒരു തുണികഷ്ണം എടുക്കാനില്ലാത്ത സ്ത്രീകളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
തെരുവിൽ ആരോരുമില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇക്കാര്യം വിഷയമാക്കി 'ബസ്ൽ' എന്ന യൂട്യൂബ് ചാനൽ തയാറാക്കിയ മിനി ഡോക്യൂമെന്ററിയാണ് ഇതിലേക്ക് വെളിച്ചം വീശുന്നത്. അമേരിക്കയിലെ ന്യൂയോർക്കിലെ 'വീടിലാത്ത'(ഹോംലെസ്) സ്ത്രീകളുടെ ദുസ്ഥിതിയാണ് 'ബസ്ൽ' പറയുന്നത്. അമേരിക്കയിൽ ഹോംലെസ് ആയ ആളുകളിൽ 39.7 ശതമാനവും സ്ത്രീകളാണ്. ഏകദേശം 50,000ത്തോളം വരും ഇവരുടെ സംഖ്യ. ഇക്കൂട്ടത്തിലുള്ള കൈല, വിക്ടോറിയ, കോർട്ട്നി, അലെക്സ, ഡോണ എന്നീ തെരുവിൽ കഴിയുന്ന സ്ത്രീകളാണ് ഡോക്യൂമെന്ററിയിൽ പ്രത്യക്ഷപ്പെടുന്നത്. അമേരിക്കയിൽ മെൻസ്ട്രുവൽ പാഡിന് 5.84 രൂപയും ടാംപോണിന് 7.62 രൂപയുമാണ് വില.
ഭക്ഷണസാധനങ്ങൾ വാങ്ങിക്കാൻ പോലും ബുദ്ധിമുട്ടുന്ന ഈ സ്ത്രീകൾ പാഡുകളും ടാംപോണുകളും ഇല്ലാതെ വരുമ്പോൾ പേപ്പർ ടവൽ, നാപ്കിൻ, പ്ലാസ്റ്റിക് ബാഗ്, സോക്സ് എന്നിവയാണ് ഇവർ ആർത്തവരക്തത്തെ തടയാനായി ഉപയോഗിക്കുന്നത്. ഇവയ്ക്ക് പലപ്പോഴും അത്യാവശ്യം വേണ്ട ശുചിത്വമില്ലാത്തതിനാൽ രോഗബാധ ഈ സ്ത്രീകളെ ഇടയ്ക്ക് പിടികൂടാറുണ്ട്. ആർത്തവസമയത്ത് ആരോഗ്യം ശോഷിക്കുന്നതിനാൽ അടുത്തുള്ള കടകളിൽ നിന്നും ചൂടുവെള്ളവും വാട്ടർ ബോട്ടിൽ വെള്ളവും കുടിച്ചുകൊണ്ടാണ് തങ്ങൾ ക്ഷീണം അകറ്റുന്നതെന്ന് 10 വയസ് മുതൽ തെരുവിൽ താമസിക്കുന്ന 30കാരിയായ കൈല പറയുന്നു. ഇവരെ ഈ ദുസ്ഥിതിയിൽ നിന്നും രക്ഷിക്കാൻ ന്യൂ യോർക്ക് സിറ്റി കൺസിൽ പദ്ധതികൾ ആവിഷ്കരിക്കാനുള്ള നീക്കത്തിലലാണെങ്കിലും ഇതുവരെ ഒന്നും പ്രാവർത്തികമായിട്ടില്ല.