ബെയ്റൂട്ട്:ആഗോള ഭീകര ഗ്രൂപ്പായ ഐസിസ് ഒടുവിൽ അബൂബക്കർ അൽ ബഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ബഗ്ദാദിക്കും ഐസിസ് വക്താവിനും പകരം പുതിയ രണ്ടു പേരെ തിരഞ്ഞെടുത്തതായും അവർ വെളിപ്പെടുത്തി. അബു ഇബ്രാഹിം അൽ–ഹാഷിമി അൽ – ഖുറൈഷിയായിരിക്കും ഇനി ഐസിസ് തലവൻ. അബു ഹംസ അൽ – ഖുറൈഷിയാണ് പുതിയ വക്താവെന്നും ഐസിസ് മാദ്ധ്യമ വിഭാഗമായ അൽ ഫർഖാൻ ഫൗണ്ടേഷന്റെ ഓഡിയോ സന്ദേശത്തിൽ പറയുന്നു.
ബഗ്ദാദിയെ ഒക്ടോബർ 26ന് സിറിയയിലെ ഇദ്‌ലിബിലാണ് യു.എസ് സൈന്യം വകവരുത്തിയത്. പിറ്റേന്ന് സിറിയയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ വക്താവ് അബു ഹസ്സൻ അൽ മുജാഹിറും കൊല്ലപ്പെട്ടു. ഇയാൾ ബഗ്ദാദിയുടെ പകരക്കാരനാകുമെന്നാണ് കരുതിയിരുന്നത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ഭ്രാന്തനായ വയസൻ എന്നാണ് ഓഡിയോ സന്ദേശത്തിൽ ഐസിസ് വിശേഷിപ്പിച്ചത്. ബഗ്ദാദിയുടെ മരണത്തിലുള്ള പ്രതികാരം ഉടനുണ്ടാകുമെന്ന മുന്നറിയിപ്പും ഉണ്ട്. അമേരിക്ക ആഹ്ലാദിക്കേണ്ട. ഇത്രയും നാൾ നിങ്ങൾ അനുഭവിച്ച ഭയത്തേക്കാളും ഭീകരമായിരിക്കും പുതിയ ആൾ നിങ്ങൾക്കു തരാൻ പോകുന്നത്. ബഗ്ദാദിയുടെ കാലം എത്ര നല്ലതായിരുന്നുവെന്നു പോലും ആ ക്രൂരത അനുഭവിക്കുമ്പോൾ നിങ്ങൾക്ക് തോന്നും – ഓഡിയോ സന്ദേശത്തിൽ പറയുന്നു.
ബഗ്ദാദിയുടെ മരണം നടന്ന് ദിവസങ്ങൾക്കകം ഐസിസിന്റെ നിയമനിർമ്മാണ– ഉപദേശക സമിതിയായ ശൂറ കൗൺസിൽ ചേർന്ന ശേഷം പുറത്തുവിട്ട ഏഴു മിനിറ്റ് ഓഡിയോ സന്ദേശത്തിലാണ് ബഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചതും പുതിയ തലവനെ പ്രഖ്യാപിച്ചതും.
അബു ഇബ്രാഹിം അൽ –ഖുറൈഷിയുടെ കൂടുതൽ വിവരങ്ങളോ ചിത്രങ്ങളോ ഐസിസ് പുറത്തുവിട്ടിട്ടില്ല. ബഗ്ദാദി ലക്ഷ്യമിട്ട ഇസ്‌ലാമിക് ഭരണകൂടം അൽ–ഖുറൈഷിയുടെ നേതൃത്വത്തിൽ രൂപീകരിക്കുക തന്നെയാണ് ലക്ഷ്യം. ഐഎസിന് ഇറാഖിൽ 14,000വും സിറിയയിൽ 18,000വും ഭീകരർ ഉണ്ട്. ഇവരിൽ 3000 പേർ വിദേശികളാണ്..
അബു ഇബ്രാഹിം അൽ – ഖുറൈഷി
ഐസിസ് രേഖകൾ പ്രകാരം അൽ – ഹജ്ജ് അബ്ദുല്ല എന്നറിയപ്പെടുന്ന അമിർ മുഹമ്മദ് സായിദ് അബ്ദൽ റഹ്‌മാൻ അൽ – മൗലയായിരിക്കും ബഗ്ദാദിയുടെ പിൻഗാമിയെന്നാണു കരുതിയിരുന്നത്.
ഇയാളെ പിടികൂടുന്നവർക്ക് 50 ലക്ഷം ഡോളറാണ് യു.എസ് വാഗ്ദാനം.
മൂന്നു പേരുകളിലാണ് ഇയാൾ അറിയപ്പെടുന്നത്.
ഹാജി അബ്ദല്ല എന്നും അറിയപ്പെടുന്ന ഇയാൾ തന്നെയായിരിക്കും അൽ – ഖുറൈഷി
ഐസിസിൽ തീരുമാനങ്ങളെടുക്കുന്ന സംഘത്തിൽ പ്രധാനി
ശരിയത്ത് കമ്മിറ്റിയുടെ തലപ്പത്തും ഹാഷിമിയായിരുന്നു.
യസീദി കൂട്ടക്കൊലയ്ക്കു നേതൃത്വം നൽകി.
2010 മുതൽ അൽ ക്വ ഇദയ്ക്കൊപ്പമായിരുന്നു. പിന്നീട് ഐസിസിൽ
ഇന്റലിജൻസ് കണ്ണിൽ അധികമൊന്നും പ്രത്യക്ഷപ്പെട്ടിട്ടല്ല