തിരുവനന്തപുരം, വവ്വാമൂല, തൊടലിവിള എന്ന സ്ഥലത്ത് ഒരു വീട്ടിൽ പാമ്പിനെ കണ്ടു എന്ന് പറഞ്ഞ് രാവിലെ തന്നെ വാവയ്ക്ക് കാൾ എത്തി. പ്രകൃതി രമണീയമായ വെള്ളായണി കായലിന്റെ ഒരു വശത്താണ് ഈ വീട്. വീടിന്റെ പുറകുവശത്ത് വലിയ ഒരു കുന്ന്, അതിന്റെ മുകൾവശത്ത് ഒരു വലിയ മഞ്ഞണാത്തി മരം, ആ മരത്തിൽ നിന്ന് ഒരു വലിയ മൂർഖൻ പാമ്പ് രാവിലെ മൺതിട്ടയിലെ ഒരു മാളത്തിൽ കയറി. മൺതിട്ട നിറയെ പൊൻമാന്റെ മാളങ്ങൾ, പൊൻമാൻ മുട്ടയിടുന്നത് ഈ മാളങ്ങളിലാണ്.പൊൻമാന്റെ ഇഷ്ട ഭക്ഷണം മീനുകളാണ്.കായലിൽ നിന്ന് നിറയെ മീനുകൾ കിട്ടുന്നതിനാൽ വെള്ളായണി കായലിനോട് ചേർന്ന് ഇത്തരം നിരവധി മാളങ്ങൾ ഉണ്ട്.ഈ മാളങ്ങളിൽ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നത് വീട്ടുകാർ നിരവധി തവണ കണ്ടിട്ടുണ്ട്. മൂർഖൻ എത്തിയത് പൊൻമാന്റെ മുട്ടകൾ അല്ലെങ്കിൽ കുഞ്ഞുങ്ങളെ ഭക്ഷിക്കാനാണ്. എന്തായാലും സ്ഥലത്ത് എത്തിയ വാവ ഒരു ഏണി ചാരി മുകളിലേക്ക് കയറി. വീട്ടുകാർ പറഞ്ഞ മാളത്തിന്റെ മണ്ണ് ഒരു കൈകൊണ്ട് പൊളിച്ച് നീക്കി കൊണ്ടിരുന്നു. അപകടം നിറഞ്ഞ നിമിഷങ്ങൾ, ഒറ്റകൈ യിലാണ് മണ്ണ് മാറ്റുന്നത്,കുറച്ച് മണ്ണ് മാറ്റിയതും മൂർഖനെ കണ്ടു. അത് വീണ്ടും മാളത്തിന്റെ അകവശത്തേക്ക് കടന്നു, പെട്ടെന്ന് നീ ആരെണെന്ന ഭാവത്തിൽ വാവയ്ക്ക് നേരെ പത്തി വിടർത്തി. തുടർന്ന് അവിടെനിന്ന് യാത്ര തിരിച്ച വാവ ഒരു വീടിന്റെ അകത്ത് എയർഹോളിനോട് ചേർന്ന്, വീട്ടുകാരെ ഭയപ്പെടുത്തിയ ഒരു പാമ്പിനെ പിടികൂടി, കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.