കൊച്ചി : തീരപരിപാലനനിയമം ലംഘിച്ച് മരടിൽ ഫ്ളാറ്റുകൾ നിർമ്മിച്ചു വിറ്റ് തട്ടിപ്പു നടത്തിയെന്ന കേസിൽ ഒന്നാം പ്രതിയും ആൽഫ വെഞ്ച്വേഴ്സ് കമ്പനി എം.ഡിയുമായ പോൾരാജിനെ രണ്ടു ദിവസത്തേക്ക് മൂവാറ്റുപുഴ വിജിലൻസ് കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് മൂന്നിനകം തിരിച്ച് ഹാജരാക്കണം. പോൾരാജിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിച്ചറിയാനും കെട്ടിട നിർമ്മാണത്തിനുവേണ്ടി രേഖകൾ സമ്പാദിച്ചതിന്റെ തെളിവെടുപ്പു നടത്താനും രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിരുന്നു.
മരട് നഗരസഭ പഞ്ചായത്തായിരുന്ന കാലഘട്ടത്തിൽ അന്നത്തെ സെക്രട്ടറി മുഹമ്മദ് അഷറഫ്, ജൂനിയർ സൂപ്രണ്ട് പി.ഇ. ജോസഫ്, യു.ഡി ക്ളാർക്ക് ജയറാം നായിക്ക് എന്നിവരുമായി പോൾരാജും ആർക്കിടെക്ട് കെ.സി. ജോർജും ചേർന്ന് ഗൂഢാലോചന നടത്തിയാണ് തട്ടിപ്പിനു വഴിയൊരുക്കിയതെന്നാണ് കേസ്. തീരപരിപാലന നിയമത്തിന്റെ പരിധിയിൽ വരുന്ന ഭൂമിയാണെന്നത് മറച്ചുവച്ചാണ് പ്രതികൾ ഫ്ളാറ്റ് കെട്ടി വിറ്റതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മുൻ പഞ്ചായത്ത് ജീവനക്കാർ കൂടി പ്രതികളായതോടെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി. തുടർന്നാണ് വിജിലൻസ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്.